കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച സ്പിരിറ്റ് ശേഖരം സേലത്ത് പിടികൂടി
പാലക്കാട്: കേരളത്തിലേക്ക് കടത്താനായി തമിഴ്നാട്ടിലെ സേലത്ത് സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. മലയാളി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. 310 കന്നാസുകളിലായി സൂക്ഷിച്ച 10,850 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. കളിയിക്കാവിള സ്വദേശി കനകരാജ് (53), സേലം സ്വദേശി അരസ് (54) എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസിന് കൈമാറി.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി. സെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യനീക്കത്തിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്താന്‍ കഴിഞ്ഞത്. സേലം ശ്രീനായ്കംപെട്ടിയിലെ ചുറ്റുമതിലോടു കൂടിയ രണ്ടേക്കര്‍ സ്ഥലത്തെ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം വെള്ളറട സ്വദേശി ദീപുവാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
സേലത്തെ ഗോഡൗണില്‍ നിന്നും വടക്കന്‍ കേരളത്തിലേക്കും തെക്കന്‍ കേരളത്തിലേക്കും ഒരുപോലെ സ്പിരിറ്റ് കടത്താനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്നും പാലക്കാട്ടേക്കും കന്യാകുമാരിയിലേക്കുമുള്ള ദൂരത്തില്‍ വലിയ വ്യത്യാസമില്ല. തമിഴ്നാട്ടിലെ പൊള്ളാച്ചിയും തിരുപ്പൂരും കേന്ദ്രീകരിച്ചായിരുന്നു മുമ്പൊക്കെ സ്പിരിറ്റ് ലോബി പ്രവര്‍ത്തിച്ചിരുന്നത്. അവിടെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമായതോടെയാണ് താവളം തമിഴ്നാട്ടിലെ മറ്റിടങ്ങളിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 20,800 ലിറ്റര്‍ സ്പിരിറ്റ് ചെന്നൈയില്‍ നിന്നും കേരളത്തിലെ ഇതേ സ്ക്വാഡ് പിടികൂടിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കടത്താനിരുന്ന സ്പിരിറ്റാണ് അന്ന് പിടിച്ചെടുത്തത്. ഇപ്പോള്‍ പിടിയിലായ കനകരാജ് മുമ്പും സ്പിരിറ്റ് കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട്ടിലെ പ്രത്യേക സ്ക്വാഡിന്റെ സാന്നിധ്യത്തില്‍ സ്പിരിറ്റും പ്രതികളെയും വലപ്പാടി പോലീസിന് കൈമാറി.