പബ്ജിക്കായി അമ്മയുടെ 10 ലക്ഷം കളഞ്ഞു; മാതാപിതാക്കള്‍ ശാസിച്ചതിനെ തുടര്‍ന്ന് 16 വയസ്സുകാരന്
വീടുവിട്ടോടി ഗുഹയിലൊളിച്ചു
മുംബൈ : വിഡിയോ ഗെയിം പബ്ജി കളിക്കാന്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെ 10 ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കള്‍ ശാസിച്ചതിനെ തുടര്‍ന്ന് 16 വയസ്സുകാരന് വീടുവിട്ടു പോയി. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. കാണാതായ കൗമാരക്കാരനെ വ്യാഴാഴ്ച ഉച്ചയോടെ അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്തുനിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം തിരിച്ചയച്ചു.
ബുധനാഴ്ച വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍, തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ കുട്ടി കഴിഞ്ഞ മാസം മുതല്‍ പബ്ജിക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. ഇതിനായി അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവാക്കിയതായും വെളിപ്പെടുത്തി. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ കുട്ടി കത്തെഴുതിവച്ച് വീടുവിട്ടതാണെന്ന് കണ്ടെത്തി. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയശേഷം മാതാപിതാക്കളുടെ കൂടെ അയച്ചതായി പൊലീസ് അറിയിച്ചു.