സ്വർണത്തിന് തിളക്കം കൂട്ടാമെന്നുപറഞ്ഞ് ആഭരണം മോഷ്ടിച്ച് കടന്നു
മംഗളൂരു: സ്വർണാഭരണങ്ങൾക്ക് ഉൾപ്പെടെ തിളക്കം കൂട്ടാമെന്ന് പറഞ്ഞെത്തിയയാൾ ആഭരണം മോഷ്ടിച്ച് കടന്നു. പുത്തൂരിൽ വീടുകളിൽ എത്തിയ ആളാണ് പൊടിവിതറി തിളക്കം വർധിപ്പിക്കാമെന്നുപറഞ്ഞ് വീട്ടമ്മയെ പറ്റിച്ചത്. ഷോക്കേസുകൾ, ടെലിവിഷൻ സെറ്റുകൾ, വെള്ളി, സ്വർണാഭരണങ്ങൾ എന്നിവ തിളങ്ങുന്ന പൊടി വിൽക്കുകയാണെന്ന് പറഞ്ഞാണ് എത്തിയത്.
പുത്തൂർ നെട്ടണിഗെ മുദ്നൂർ ഗ്രാമപഞ്ചായത്തംഗമായ ഇന്ദിരയോട് ഏത് ആഭരണങ്ങളും മിനുക്കുമെന്നുപറഞ്ഞ് ചില വെള്ളി ആഭരണങ്ങൾ മിനുക്കി നൽകി. ഇന്ദിര ചില സ്വർണാഭരണങ്ങളും അദ്ദേഹത്തിന് കൈമാറി. ആഭരണങ്ങളിൽ ദ്രാവകവും ജെല്ലും ഉപയോഗിച്ച് മിനുക്കിയതുപോലെ കാണിച്ചു. തുടർന്ന് ആഭരണങ്ങൾ ഒരു പേപ്പറിൽ പൊതിഞ്ഞ് ഇന്ദിരക്ക് കൊടുക്കുകയും അരമണിക്കൂറിനുശേഷം തുറന്നാൽ മതിയെന്നും പറഞ്ഞു. സംശയം തോന്നിയ ഇന്ദിര കുറച്ച് സമയത്തിനുശേഷം, പൊതി തുറക്കുകയായിരുന്നു. നൽകിയ ആഭരണങ്ങൾ ചെറിയ കഷണങ്ങളായി മാറുകയും ആഭരണങ്ങളുടെ ഒരു ഭാഗം ദ്രാവക രൂപത്തിലാവുകയുംചെയ്തു. അഞ്ചരപവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ഇന്ദിര സാംപയ പൊലീസിൽ പരാതി നൽകി.