പെരുമ്ബാവൂര്‍: യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമര്‍ അലി അസമില്‍ നിന്നും നാടുകടത്തിയ ക്രിമിനല്‍. ഉമര്‍ അലിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ചതോടെ ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
അസമില്‍ ഇയാളുടെ വീടിന്റെ പരിസര പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പെരുമ്ബാവൂരിലെത്തിയ ഉമര്‍ അലി പകല്‍ മുഴുവന്‍ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില്‍ കഴിയുകയായിരുന്നു പതിവ്.
പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍ അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്ബാവൂരിലെ പ്രദേശവാസികള്‍ പറയുന്നത്. പലര്‍ക്കും ഉമര്‍ അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല.
പെരുമ്ബാവൂരില്‍ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ പ്രതി തൂമ്ബ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കിയാണ് ഉമര്‍ അലി കടന്നുകളഞ്ഞത്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിവരലടയാളവും കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതും തല്ലിപ്പൊളിച്ചു. രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ തൊഴിലാളിയാണ് പൂര്‍ണനഗ്നമായി ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപയുടെ മൃതദേഹം കണ്ടത്.അതേസമയം രണ്ടാഴ്ച മുന്‍പ് സ്ത്രീകളെ ശല്യം ചെയ്തതിന് ഉമര്‍ അലിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു ദീപ. രണ്ടു ദിവസമായി പ്രതിക്കൊപ്പം ദീപയെ നാട്ടുകാര്‍ കണ്ടിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പ് പ്രതി ലഹരിക്കായി പശ ഉപയോഗിച്ചതായി പോലീസ് പറയുന്നു. സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശയാണ് ഉപയോഗിച്ചത്. ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ മൃഗത്തിന് തുല്യമായ ആസക്തിയുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. എന്താണ് ചെയ്യുന്നതെന്ന് പ്രതിക്ക് ബോധമുണ്ടാകില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.