നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസം വരുത്തുന്ന കരാറുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും; എം. രാജഗോപാലന്‍ എം.എല്‍.എ
കാസർകോട് : നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസം വരുത്തുന്ന കരാറുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. രാജഗോപാലന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധി, ആസ്തി വികസന ഫണ്ട്, ബഡ്ജറ്റ് പ്രവൃത്തികള്‍, പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പ്രവൃത്തികള്‍ (റോഡ്, പാലം, കെട്ടിടങ്ങള്‍) എന്നിവയാണ് അവലോകനം ചെയ്തത്.
നിര്‍മ്മാണം പൂര്‍ത്തിയായ മുഴുവന്‍ പ്രവൃത്തികളുടേയും ബില്ല് സെപ്റ്റംബര്‍ മൂന്നിനകം ഹാജരാക്കാനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികള്‍ അടിയന്തിരമായി ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്കി. പുതിയ പ്രവര്‍ത്തികളുടെ നിര്‍മ്മാണത്തിന് തടസ്സമാകുന്നവയുണ്ടെങ്കില് കേരള ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ് തുടങ്ങിയവയുടെ യുടിലിറ്റി ഷിഫ്റ്റിങ്ങ് അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്കി
ചെറുവത്തൂര്‍-ചീമേനി ഐ.ടി പാര്‍ക്ക് റോഡ്, എടത്തില വളപ്പ്-മാങ്ങോട് റോഡ്, ചിറ്റാരിക്കാല്‍-കുന്നുംകൈ റോഡ്, കടുമേനി-പാവല്‍-കമ്പല്ലൂര്‍ റോഡ്, തൃക്കരിപ്പൂര്‍-വെള്ളാപ്പ്-ആയിറ്റി റോഡ് എന്നിവയുടെ നിര്‍മ്മാണം സമയബന്ധിതമായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാനും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പ്രവൃത്തികളുടെ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഹാജരാക്കണമെന്നും കരാറുകാരുടെ അലംഭാവത്താല്‍ പ്രവൃത്തി നീണ്ടുപോകുന്നുവെന്ന പരാതിയെ തുടര്‍ന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥരും കരാറുകാരും ആഗസ്ത് 31ന് കളക്ടറുടെ ചേമ്പറില്‍ ഹാജരാകണമെന്നും ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.
യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, എഡിസി ജനറല്‍ നിഫി എസ് ഹഖ് ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.