ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പ്രദേശത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും സ്കൂള്‍ കുട്ടികളില്‍ കഞ്ചാവ് ഉപഭോഗവും വര്‍ദ്ധിക്കുന്നെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പഠനങ്ങള്‍ തെളിവു തന്നിട്ടും അധികൃതര്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആറ്റിങ്ങല്‍ എക്സൈസ് പരിധിയില്‍ നിന്നും നാല് കേസുകളിലായി 10 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതോടെ കഞ്ചാവിനെക്കുറിച്ചുള്ള പഠനം ശരിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നിലവില്‍ പിടികൂടിയ കഞ്ചാവുകള് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചാണെന്നാണ് വിവരം. കേരളത്തിലെ വരും തലമുറ എറ്റവും ഇന്റലിജന്റായി മാറുമെന്നും ഇന്ത്യയ്ക്കുതന്നെ വലിയ നേട്ടം നല്‍കുമെന്നുമുള്ള സര്‍വേകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വ്യാപിക്കുന്നതില്‍ വന്‍ റാക്കറ്റുകളുടെ ഹിഡന്‍ അജണ്ട ഉണ്ടോ എന്നു സംശയിക്കുന്നതായി മുന്‍പ് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രതാപന് പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നടപടിവേണം; കൗണ്‍സിലിംഗ് വിദഗ്ദ്ധര്‍
സ്കൂള്‍ കുട്ടികളിലുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ക്ക് കാരണം കഞ്ചാവാണെന്ന് കൗണ്‍സലിംഗിന് വിധേയരാകുന്ന കുട്ടികളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ നിരീക്ഷിക്കുന്നതിലുള്ള ശ്രദ്ധക്കുറവാണ് പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമെന്നാണ് കൗണ്‍സിലിംഗ് വിദഗ്ദ്ധര്‍ പറയുന്നത്. യുവ തലമുറയെ മുഴുവനായി ലഹരി പിടിപെടുന്നതിന് മുന്‍പ് കുട്ടികളിലെ കഞ്ചാവിന്റെ ഉപയോഗത്തെ വേരോടെ പിഴുതുമാറ്റണമെന്നാണ് വിദഗ്ദ്ധര്‍ കുറിപ്പില്‍ പറയുന്നത്.
ആറ്റിങ്ങല്‍ മേഖലയില്‍ എയ്ഡഡ്, അണ് എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളില്‍ പത്തോളം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുള്ള സ്കൂളുകളുണ്ട്. ഇവിടെയെല്ലാം നിരവധി കഞ്ചാവ് ലോബികള്‍ പിടിമുറുക്കിയതായാണ് വിവരം. മോബൈല്‍ ഫോണ്‍വഴിയും വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴിയുമാണ് കച്ചവടം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പുകള്‍ സജീവമാണെന്നും പിടികൂടിയ കുട്ടിയുടെ കൈവശമുണ്ടായിരുന്ന വിലകൂടിയ ഫോണില്‍ കഞ്ചാവിന്റെ വിവിധ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നതും ആശങ്ക വളര്‍ത്തുകയാണ്.
കടയ്ക്കാവൂര്‍ ഭാഗത്ത് ലക്ഷദ്വീപ് കാരന്റെ പക്കല്‍ നിന്നും 4 കിലോ ആലംകോട് ഭാഗത്ത് ഒരാളുടെ പക്കല്‍ നിന്നും 2 കിലോ ആറ്റിങ്ങല്‍ ഭാഗത്തുനിന്നും ഓട്ടോയില്‍ കൊണ്ടുവന്ന 1കിലോ കൂടാതെ ചെറിയ അളവില്‍ വിവിധ ഭാഗത്തു നിന്നും 3 കിലോ എന്നിങ്ങനെ കണ്ടെത്തിയിരുന്നു
ആറ്റിലില്‍ റേഞ്ചില്‍ കഞ്ചാവും മയക്കുമരുന്നും വില്പനയ്ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എല്ലാ ഇടത്തും പരിശോധന നടത്തുകയാണ്. കഞ്ചാവ് കച്ചവടം എവിടെയെങ്കിലും നടക്കുന്നു എന്ന് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണം.