ജനവാസ മേഖലയിലെ വന്യമൃഗശല്യം: സമഗ്രപദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി പങ്കാളിത്തം മന്ത്രി എ.കെ. ശശീന്ദ്രന്
കാസർകോട് : വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ തയ്യാറാക്കുന്ന സമഗ്രപദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി പങ്കാളിത്തം നല്കാന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ ത്രിതല പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ക്ക് രൂപം കൊടുക്കും. ഇതിന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കാം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് ത്രിതല പഞ്ചായത്തുകളുടെ ഒരു വിഹിതം വന്യമൃഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാം. എം.എല്‍.എ ഫണ്ടും ഉപയോഗപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്ന് അടിയന്തിരമായി പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. നിലവില്‍ സ്ഥാപിച്ച സോളാര്‍ വേലികള്‍ ഉള്‍പ്പെടെ സംരക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ട്. വനസംരക്ഷണ സമിതി ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കും. ഓരോ പ്രദേശത്തും ഏതൊക്കെ രീതിയില്‍ പ്രതിരോധം തീര്ക്കാമെന്നതിനെക്കുറിച്ച് രൂപം നല്കാന് ഇതുവഴി സാധിക്കുമെന്നും യോഗം വിലയിരുത്തി.
കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ സോളാര്‍ തൂക്കു വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ ഓരോ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ നിര്‍മ്മിക്കാം. നിലവില്‍ കര്‍ണാടക വനത്തില്‍ നിന്നുമാണ് ആനകള്‍ ഇറങ്ങുന്നത്. ആനകളെ ജനവാസ മേഖലയിലെത്താത്തവിധം നിശ്ചിത ദൂരത്തേക്ക് തുരത്താന്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെയും സഹായം ആവശ്യമാണ്. കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലാ കളക്ടര്‍മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സംയുക്ത യോഗം രണ്ടാഴ്ചക്കുള്ളില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
നിലവില്‍ വന്യമൃഗശല്യം മൂലം കൃഷി നാശമുണ്ടായാല്‍ നല്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തുക അനുവദിക്കുന്നത്. സാമ്പത്തിക ഞെരുക്കം കാരണം യഥാസമയം അത് കൊടുക്കാനും സാധിക്കുന്നില്ല. അതിനാല്‍ ജനങ്ങള്‍ വിളകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജില്‍ 1976ല്‍ പട്ടയം കിട്ടിയ 36 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നേരിട്ടത്. വര്‍ഷങ്ങളായി താമസിച്ചു കൃഷി ചെയ്തിരുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പറിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു കുടിയൊഴിപ്പിക്കല്‍. ഇതിനെതിരായ കേസില്‍ താമസക്കാര്‍ക്ക് അനുകൂലമായാണ് ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധി വന്നത്. ഇതിനെതിരെ അപ്പീല്‍ പോയാലും വനം വകുപ്പിന് അനുകൂല വിധിയുണ്ടാകില്ലെന്നാണ് നിയമോപദേശം. ഇതിനാല്‍ കോടതി നടപടികള്‍ക്കനുസൃതമായി മുന്നോട്ട് പോകുമെന്നും യോഗത്തെ അറിയിച്ചു.
സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നേരത്തെ വെച്ചുപിടിപ്പിച്ച അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ ഈ വര്‍ഷം തന്നെ മുറിച്ചു മാറ്റുമെന്ന് യോഗത്തെ അറിയിച്ചു. പകരമായി തനത് വൃക്ഷങ്ങള്‍, ഫലവൃക്ഷതൈകള്‍ എന്നിവ വെച്ചു പിടിപ്പിക്കും.
ടൂറിസം വികസന സാധ്യതകള്‍ ഏറെയുള്ള റാണിപുരം, വീരമലക്കുന്ന് പദ്ധതികള്‍ സംബന്ധിച്ച് ഡി.ടി.പി.സി, ഡി.എഫ്.ഒ എന്നിവര്‍ ചേര്‍ന്ന് പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. രണ്ട് വര്‍ഷം കൊണ്ട് വനം വകുപ്പിന് കൂടി പങ്കാളിത്തമുള്ള രണ്ട് ടൂറിസം കേന്ദ്രങ്ങള്‍ ജില്ലയില്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ ഡി.കെ, സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, കാസര്‍കോട് സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ.രാമന്, ആര്.ഡി.ഒ അതുല്‍ എസ്.നാഥ്, ഡെപ്യൂട്ടി കളക്ടര്‍ കെ. രവികുമാര്‍, മറ്റ് റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു