കാസര്‍കോട് ജില്ലാ സ്ഥിരം നഴ്സറി ബേളയില്‍ ഉദ്ഘാടനം ചെയ്തു;വൃക്ഷത്തൈകളുടെ പരിപാലനം ഉറപ്പുവരുത്തണം: വനം മന്ത്രി എ കെ ശശീന്ദ്രന്
കാസർകോട് : സംസ്ഥാന വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കാസര്‍കോട് ജില്ലാ സ്ഥിരം നഴ്സറി ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ബേളയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ തുടര്‍പരിപാലനം ഉറപ്പുവരുത്താന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നഗരവനം, വിദ്യാവനം, സ്ഥാപന വനം തുടങ്ങിയ പദ്ധതികള്‍ വനം വകുപ്പ് നടപ്പിലാക്കി വരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോടിക്കണക്കിന് വൃക്ഷത്തൈകള്‍ വനം വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്. ആ വൃക്ഷത്തൈകള്‍ വളര്‍ന്നു പന്തലിച്ചിരുന്നെങ്കില് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍േദശിച്ച ആകെ വനവിസ്തൃതി 33% എന്ന ലക്ഷ്യം കൈവരിച്ചേനെ. അതിലൂടെ സാഭാവിക വനത്തിന് പുറമെ ഒരു ഹരിത കവചം സൃഷ്ടിച്ച് നല്ല വായുവും അന്തരീക്ഷവും പ്രദാനം നല്കാന് കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ബദിയടുക്ക ്രഗാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, വനം-വന്യജീവി വകുപ്പ് ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ്കുമാര്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി സ്വാഗതവും കാസര്‍കോട് സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ. രാമന് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലാ സ്ഥിരം നഴ്സറി
ഉന്നത ഗുണനിലവാരമുള്ള തദ്ദേശീയ വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിച്ച് പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും വര്‍ഷം മുഴുവനും ലഭ്യമാക്കാനാണ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ബേളയില്‍ സ്ഥിരം നഴ്സറി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലാ സ്ഥിരം നഴ്സറിയാണിത്. മാതൃകാ നഴ്സറിയായി വികസിപ്പിച്ച് പഠനാവശ്യത്തിനും ബോധവല്‍ക്കരണത്തിനും സാഹചര്യം ഒരുക്കുകയും ലക്ഷ്യമിടുന്നു. കാസര്‍കോട് നഗരത്തില്‍ നിന്നും ഒമ്പത് കി. മീ അകലെ ബദിയടുക്ക പഞ്ചായത്തില്‍പ്പെട്ട, സംരക്ഷിത വനമായി നോട്ടിഫൈ ചെയ്യുവാന്‍ ശുപാര്‍ശ ചെയ്ത ബേളയിലെ 15.90 ഹെക്ടര്‍ ഭൂമിയില്‍ രണ്ട് ഹെക്ടര്‍ സ്ഥലത്താണ് സ്ഥിരം നഴ്സറി സ്ഥാപിച്ചത്. ഇതിലേക്കായി കോംപെന്‍സേറ്ററി അഫോറസ്റ്റേഷന് ഫണ്ട് മാനേജ്മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി പദ്ധതിയില്‍ 80,00,000 രൂപ അനുവദിച്ചിരുന്നു. ഇതില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും നിര്‍മ്മാണ പ്രവൃത്തികള്‍ക്കുമായി 52,10,447 രൂപ ചിലവായിട്ടുണ്ട്. ഓഫീസ് കം ലബോറട്ടറി ബില്‍ഡിംഗ്, ഹീപ്പിങ് ഏരിയ കം പോട്ടിങ് മിക്സ്ചര്‍ യൂണിറ്റ്, ചോപ്പിംഗ് റൂം, സീഡ് ഡ്രയിങ് യാര്‍ഡ്, ലേബര്‍ റെസ്റ്റിംഗ് റൂം എന്നിവയാണ് സജ്ജീകരിച്ചത്.