മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ തർക്കം; തൃശൂർ നഗരസഭയിൽ കൂട്ടത്തല്ല്, രാപ്പകൽ സമരവുമായി യുഡിഎഫ്
തൃശൂർ: തൃശൂർ നഗരസഭയിൽ കൂട്ടത്തല്ല്. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗമാണ് തല്ലിൽ കലാശിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലടിക്കുകയായിരുന്നു. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.മേയർ എം കെ വർഗീസിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി.ഇത് തടയാൻ ഭരണപക്ഷ അംഗങ്ങൾ എത്തിയതോടെയാണ് സംഘർഷം നടന്നത്. പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്തേ മാസ്റ്റർപ്ലാൻ നടപ്പിലാക്കൂവെന്ന് മേയർ പറഞ്ഞിരുന്നു.എന്നാൽ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനുള്ള അവസരം പോലും പ്രതിപക്ഷം നൽകിയില്ല.മാസ്റ്റർ പ്ലാനിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം മേയർ അനുവദിച്ചില്ല. തുടർന്നാണ് തർക്കമുണ്ടായത്. സംഭവങ്ങൾക്ക് പിന്നാലെ മാസ്റ്റർ പ്ലാനിനെതിരെ രാപ്പകൽ സമരം നടത്തുകയാണ് യുഡിഎഫ്. കൗൺസിൽ ഹാളിൽ നാളെ ഉച്ചവരെ കുത്തിയിരിക്കും.അതേസമയം മേയറെ തങ്ങൾ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മേയർ ജനാധിപത്യം കശാപ്പ് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു. തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് മേയർ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, മാസ്റ്റർ പ്ലാനിൽ ഒരു അഴിമതിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.