മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല, ഭരണ സ്തംഭനം ഉണ്ടായില്ല, ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല’; കേരള മോഡലിനെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യരംഗത്തെ കേരള മോഡൽ കൊവിഡ് പ്രതിരോധത്തെ വിമർശിച്ചവർക്ക് നേരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദൽ കാഴ്ചപ്പാടാണ് കേരളമോഡലിലൂടെ ഉയർത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരി കാലത്ത് സർക്കാരിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന ബദൽ കാഴ്ചപ്പാട്കേരളം മുന്നോട്ട് വച്ചെന്ന് ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.ഈ പ്രതിസന്ധി കാലത്ത് കേരളത്തിലൊരാൾക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, സംസ്ഥാനത്തിന് ലഭിച്ചതിധികം വാക്സിൻ വിതരണം ചെയ്തു. ഒരാൾക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല, ഈ പ്രതിസന്ധി കാലത്തും ഭരണസ്തംഭനം ഉണ്ടായില്ല, മാത്രമല്ല വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃത തെറ്റെന്ന് പറയുന്നവർ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് പറയണമെന്നും പിണറായി പറഞ്ഞു. വിമർശനങ്ങളുന്നയിച്ച പ്രതിപക്ഷത്തിന് നേരെയും പിണറായി ശക്തമായ ഭാഷയിൽ പ്രതികരിച്ചു.കേരളത്തിലെ കൊവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ മൂന്നാംതരംഗത്തിന് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കുറിക്കുന്നു. സംസ്ഥാനത്ത് ഓക്സിജൻ കിട്ടാതിരിക്കുകയോ ആശുപത്രി കിടക്കകൾ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ നടത്തിയ സീറോ സർവൈലൻസ് സർവെകളിലെല്ലാം ഏറ്റവും കുറവ് രോഗബാധയുളള സംസ്ഥാനം കേരളമാണ്. ലഭിച്ചതിലധികം വാക്സിൻ നൽകിയ ഏക സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തെ മരണനിരക്ക് രാജ്യത്തേതിന്റെ മൂന്നിലൊന്ന് മാത്രമാണ്. 0.5 ശതമാനത്തിലും താഴെയാണിത്. മുഖ്യമന്ത്രി ലേഖനത്തിൽ സൂചിപ്പിച്ചു.തീയണയാത്ത ചുടല പറമ്പുകളും ആയിരക്കണക്കിന് മൃതദേഹങ്ങൾ അനാഥ പ്രേതങ്ങളെപ്പോലെ നദികളിൽ ഒഴുകി നടന്നതും രാജ്യത്ത് കണ്ടു. കേരളത്തിൽ മരണമടഞ്ഞ ഒരാളെയും തിരിച്ചറിയാതിരുന്നില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭ്യമായതിലും മികച്ച സംവിധാനങ്ങളിലൂടെ കൊവിഡിനെ പ്രതിരോധിച്ചതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.