118 മൂലകങ്ങളുടെ പേര് 36 സെക്കൻഡിൽ; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി പത്താം ക്ലാസുകാരി
ആറ്റിങ്ങൽ: ആവർത്തനപട്ടികയിലെ 118 മൂലകങ്ങളുടെ പേര് 36 സെക്കൻഡിൽ കൃത്യമായി പറഞ്ഞ് 14കാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. അയിലം ഗവ.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അഭിരാമി. പീരിയോഡിക് ടേബിളിലെ മൂലകങ്ങൾ ദിവസവും 10 എണ്ണം വീതം മനഃപാഠമാക്കുന്നതിനിടെ മോഹൽലാൽ ചിത്രങ്ങളുടെ പേര് പറഞ്ഞ് റെക്കോഡ് നേടിയ കുട്ടിയുടെ വാർത്ത ശ്രദ്ധയിൽപെട്ടു. പിന്നീട് റെക്കോഡ് നേടുന്നതിനെക്കുറിച്ചുള്ള പഠനമായി. ഒരു മിനിറ്റിനുള്ളിൽ പറഞ്ഞുതീർക്കലായിരുന്നു ആദ്യത്തെ ശ്രമം. പിന്നീട് വേഗം കൂട്ടി. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറ വെബ്സൈറ്റിൽനിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിച്ചു.
ജൂലൈ 22 ന് ഓൺലൈനായി പറഞ്ഞ് 48 സെക്കൻഡ് എന്ന മുൻ റെക്കോഡ് അഭിരാമി 36 സെക്കൻഡിൽ പൂർത്തിയാക്കി. ജൂലൈ 28ന് റെക്കോഡ് നേടിയ വിവരം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. സർട്ടിഫിക്കറ്റും മെഡലും കഴിഞ്ഞ ദിവസമാണ് കൈയിൽ കിട്ടിയത്. അയിലം അങ്കണവാടിയിലെ താൽക്കാലിക ജീവനക്കാരി സുകന്യയുടെയും ഡ്രൈവർ അനീഷിെൻറയും മകളാണ്. നാലാം ക്ലാസുകാരി അഭിശ്രീ സഹോദരി. മാതൃ സഹോദരൻ വിഷ്ണു ഓൺലൈൻ പരിശോധനക്ക് വേണ്ടതെല്ലാം ചെയ്തുനൽകി.