വ്യാജ ഇ മെയിലുകളെ ശ്രദ്ധിക്കണമെന്ന് ഐ.സി.എ മുന്നറിയിപ്പ്
ദുബൈ: വ്യാജ ഇ-മെയിലുകൾക്ക് മറുപടി നൽകരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഫെഡറൽ അതോറിറ്റി ഓഫ് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ). ഐ.സി.എയുടെ ഔദ്യോഗിക മെയിലുകളാണെന്ന് ഉറപ്പുവരുത്താൽ ശ്രദ്ധിക്കണമെന്നാണ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ ഡെമൈനായ ica.gov.ae എന്ന് അവസാനിക്കുന്ന മെയിലുകൾക്ക് മാത്രം മറുപടി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
ഐ.സി.എയുടെ പേരിൽ വ്യാജ മെയിലുകൾ അയച്ച് തട്ടിപ്പുകൾ നടത്തുന്നതായ റിപ്പോർട്ടുകളുടെ സാഹചര്യത്തിലാണ് നിർദേശം പുറപ്പെടുവിച്ചത്.
കോവിഡ് ഭീതി പ്രയാജനപ്പെടുത്തിയും തട്ടിപ്പുകൾ നടക്കുന്നതായി ഫസ്റ്റ് അബൂദബി ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് പ്രധാനപ്പെട്ട തട്ടിപ്പുരീതികളെ കുറിച്ചും ബാങ്ക് കൃത്യമായി അറിയിപ്പിൽ പറയുന്നുണ്ട്.
വാക്സിൻ രജിസ്ട്രേഷന് പണമീടാക്കുക, മെഡിക്കൽ ഉൽപന്നങ്ങൾ വിൽക്കുന്നതായി കാണിച്ച് പണം തട്ടുക, വ്യാജ സൈറ്റുകളിലേക്ക് ലിങ്കുകൾ നൽകി ബാങ്ക് വിവരങ്ങൾ തട്ടുക, വ്യാജ ഡെലിവറി വാഗ്ദാനങ്ങളിലൂടെ വഞ്ചിക്കുക, ബാങ്കിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നുമാണെന്ന വ്യാജേന വിളിച്ച് തട്ടിപ്പ് നടത്തുക, ബാങ്കിൽനിന്നാണെന്ന വ്യാജേന മെയിൽവഴി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങളെല്ലാം തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഇൗ സാഹചര്യത്തിൽ സംശയാസ്പദമായ എല്ലാ കോളുകളും മെയിലുകളും ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു.