തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; മേയറെ തടഞ്ഞ് പ്രതിപക്ഷം
തൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു. പ്രതിപക്ഷം അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളം വെച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്.
കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.
‘എന്റെ കസേര വലിച്ചെറിഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് ക്യാബിനില്‍ വന്നിരിക്കുകയാണ്’ സംഘര്‍ഷത്തിന് പിന്നാലെ മേയര്‍ പറഞ്ഞു.
23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്.. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.
ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറഞ്ഞു. കൗണ്‍സില്‍ പോലുമറിയാതെ കളവായി കൗണ്‍സില്‍ തീരുമാനം എഴുതിച്ചേര്‍ത്ത നടപടിയില്‍ സി.പി.എം. മറുപടി പറയണം. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനില്‍ക്കുന്നതിനാല്‍ റദ്ദുചെയ്ത് പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണം -അദ്ദേഹം ആവശ്യപ്പെട്ടു.
കൗണ്‍സിലിന്റെ അധികാരം കവര്‍ന്ന്, സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജന് ജെ.പല്ലന് പറഞ്ഞു.
നിയമപ്രകാരമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. ഇപ്പോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കള്‍. ഇത്രയും വലിയൊരു പദ്ധതിയില്‍ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയര്‍ വ്യക്താക്കി.