ഹൈവേ കുടിയൊഴിപ്പിക്കൽ; വ്യാപാരികൾക്ക് ഡെപ്പോസിറ്റ് തുക പോലും നൽകാതെ കെട്ടിട ഉടമ
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ കുടിയൊഴിപ്പിക്കപ്പെടുന്ന മാധവൻ മാസ്റ്ററുടെ ബിൽഡിംഗിലെ വ്യാപാരികൾക്ക് ഡെപ്പോസിറ്റ് തുക പോലും തിരിച്ചു നൽകാതെ കെട്ടിട ഉടമ.
യാതൊരു നഷ്ടപരിഹാരവുമില്ലാതെ വ്യാപാരികൾ നിരുപാധികം കടമുറികൾ ഒഴിഞ്ഞ് പോകണമെന്ന നിലപാടാണ് കെട്ടിട ഉടമ സ്വീകരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. അതത് ഷോപ്പുകളിൽ വ്യാപാരികൾ പാകിയ ടൈൽസിനും മറ്റും ഹൈവേ വികസന അതോറിറ്റിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്നിരിക്കെ അതും കെട്ടിട ഉടമകൾ കൈക്കലാക്കിയതായി ഇവർ ആരോപിക്കുന്നു.
കെട്ടിട ഉടമയുടെ ധിക്കാരപരമായ നിലപാടിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നീലേശ്വരം യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡൻറ് കെ.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം മുഹമ്മദ് അഷറഫ്, ദാമോദരൻ തിരുവാതിര, മോഹനൻ, എം. ജയറാം, കെ.എം.ബാബുരാജ്, ഉദയൻ എന്നിവർ സംസാരിച്ചു.