ടി കെ രവി വിവാദം: നേതാക്കളെ വളഞ്ഞിട്ട് ആക്രമിച്ചാൽ ചെറുക്കും: സിപിഐ എം
കാസർകോട് :കിനാനൂർ–കരിന്തളം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ടി കെ രവിയെ ചില മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.
ഇത് പാർടിയെ സ്നേഹിക്കുന്നവർ തിരിച്ചറിയും. എന്തപവാദകഥകളും പൊടിപ്പും തൊങ്ങലും വച്ചു പടച്ചുവിടുന്നത് ചില മാധ്യമങ്ങൾക്ക് ഹരമാണ്. പാർടിയെ സ്നേഹിക്കുന്ന ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുക മാത്രമാണ് ലക്ഷ്യം.
വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടാൻ ചില പാർടി വിരുദ്ധരെ കൂട്ടുപിടിക്കുന്നത് ഗൗരവതരമാണ്. ഇത്തരമാളുകൾക്കെതിരെയും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടിയെടുക്കും.
സിപിഐ എമ്മിന്റെ ഏത് ഘടകത്തിൽപെട്ടവരാണെങ്കിലും, അവർ ചെറിയ തെറ്റുകൾ ചെയ്താൽ പോലും നടപടിയുണ്ടാകും. അതിനാൽ വലതുപക്ഷ ശക്തികളും പാർടി ശത്രുക്കളും ഉപദേശിക്കേണ്ടതില്ല.
ടി കെ രവിക്കെതിരെ വരുന്ന പലതും പാർടി ചർച്ച ചെയ്യാത്ത കാര്യങ്ങളാണ്. ചിലത് മുമ്പ് ചർച്ച ചെയ്തു പരിഹരിച്ചതുമാണ്. അതൊക്കെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നവരുടെ താൽപര്യം മറ്റൊന്നാണ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരനെയും മറ്റു ചില നേതാക്കളെയും ഇതിലേക്ക് വലിച്ചിഴക്കുന്നത് നീതികരിക്കാനാവില്ല. ജനഹൃദയങ്ങളിൽ ജീവിക്കുന്നവരാണ് ജില്ലയിലെ നേതൃത്വം. അവരെ ജനങ്ങൾക്കറിയാം. പാർടിക്ക് അവമതിപ്പുണ്ടാക്കുന്ന വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുതെന്നും സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.