കാഞ്ഞങ്ങാട്: സംഘാടക സമിതിയുടെ പിടിപ്പുകേടുകൾ ആദ്യദിനം തന്നെ പുറത്തുവന്നത് കലോത്സവത്തിന് കല്ലുകടിയായി.താളം തെറ്റിയ ഗതാഗത നിയന്ത്രണങ്ങളും മീഡിയ റൂമിമിന്റെ പരാജയവും ഉത്സവ നഗരിയിലെ പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഉയരുന്നതിന് പിന്നാലെയാണ് വെള്ളിക്കോത്തെ നാടക വേദിയിൽ തിരശീല ഉയർന്നതിനൊപ്പം തർക്കം മൂത്തത്.
നാടക മത്സരം നടക്കുന്ന വേദിയില്‍ ശബ്ദ സംവിധാനം ശരിയല്ലെന്ന പരാതിക്ക് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പരിശീലകരും പ്രതിഷേധം ശക്തമാക്കിയതോടെ നാടക മത്സരം നിര്‍ത്തിവെച്ചു. പ്രതിഷേധങ്ങള്‍ക്ക് ശേഷം സംഘാടകരെത്തി ശബ്ദസംവിധാനത്തിലെ വീഴ്ചകൾ പരിഹരിച്ച് മത്സരം പുനരാരംഭിച്ചു. മത്സരാർ ത്ഥികളേക്കാൾ കൂടുതലുള്ള ഉദ്യോഗസ്ഥപ്പടയാണ് നഗരിയുടെ നിയന്ത്രണം കയ്യാളി കലോത്സവത്തിന്റെ താളം തെറ്റിക്കുന്നത്. മാധ്യമങ്ങൾക്ക് വാർത്ത എത്തിക്കുന്നതിൽ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലുകളാണ് സുഗമമായ നടത്തിപ്പിന് നിലവിൽ കാരണമാകുന്നത്.