ദേരയിൽ വെയർഹൗസിൽ വൻ തീപിടിത്തം; മലയാളികളുടെ കടകളും കത്തിനശിച്ചു
ദുബൈ: ദേര മുറഖബാദ് പൊലീസ് സ്റ്റേഷന് സമീപത്തെ പ്ലാസ്റ്റിക് വെയർഹൗസിൽ വൻ തീപിടിത്തം. മലയാളികളുടേതടക്കം സ്ഥാപനങ്ങൾ കത്തിനശിച്ചു. പോർട്ട് സായിദ് പ്രദേശത്തെ വെയർഹൗസിനാണ് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത്. ആർക്കും പരിക്കില്ലെന്നും തീ അണച്ചതായും ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
അബൂബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റിലെ കബായൽ ഷോപ്പിങ് സെൻററിന് പിൻഭാഗത്താണ് തീപിടിച്ചത്. വെയർഹൗസിലെ പ്രിൻറിങ് പ്രസിൽ നിന്നാണ് ആദ്യം തീ ഉയർന്നത്. പിന്നീട് സമീപത്തേക്ക് പടരുകയായിരുന്നു. ഒമ്പതോളം സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായി സമീപവാസികൾ പറഞ്ഞു. കോഴിക്കോട് സ്വദേശി അബ്ദുല്ലയുടെ പോപുലർ ഓട്ടോമൊബൈൽപാർട്സ്, കാസർകോട് സ്വദേശി ഹാരിസിെൻറ സ്ഥാപനം എന്നിവയും കത്തിനശിച്ചതിൽ ഉൾപ്പെടുന്നു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം കെട്ടിടത്തിലുള്ളവരെയും സമീപ സ്ഥാപനങ്ങളിലുള്ളവരെയും പുറത്തെത്തിച്ചു. ചെറിയ ഗതാഗതതടസ്സമുണ്ടായെങ്കിലും വൈകാതെ ഗതാഗതം പഴയനിലയിലായി. വെയർഹൗസിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടായിരുന്നതിനാൽ കനത്ത പുക കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വരെ നീണ്ടു. തൊട്ടടുത്ത ബാങ്കിലേക്കും ഷോപ്പിങ് സെൻററിലേക്കും തീ പടരാതിരുന്നത് ഭാഗ്യമായി.