തൊണ്ടിമുതലും ദൃക്സാക്ഷിയിലെ രണ്ടര പവൻ അല്ല ഇത്തവണ യുവാവിന്റെ വയറ്റിൽനിന്ന് പോലീസ് കണ്ടെടുത്തത് 70 ഗ്രാമിന്റെ സ്വർണമാല
ബംഗളൂരു: സെൻട്രൽ ബംഗളൂരുവിൽ യുവതിയുടെ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവാവ് പൊലീസിന്റെ പിടിയിൽ. എം.ടി സ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഹേമ എന്ന യുവതിയുടെ 70 ഗ്രാം വരുന്ന സ്വർണമാല തട്ടിയെടുക്കുകയായിരുന്നു പ്രതിയായ വിജയ്. മാല തട്ടിയെടുക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് മാലയുമായി വിജയ് ഒാടി. ഇതോടെ ഹേമയുടെ കരച്ചിൽകേട്ട് ആളുകൾ ഓടിക്കൂടിയിരുന്നു. ഇടവഴിയിൽ രക്ഷപ്പെടാൻ വഴിയില്ലാതെ വന്നതോടെ വിജയ് മാല വിഴുങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ ആളുകൾ വിജയ്യെ ക്രൂരമായി മർദിച്ചെങ്കിലും മാല കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് വിജയ്യെ കെ.ആർ മാർക്കറ്റ് െപാലീസ് സ്റ്റേഷനിലെത്തിച്ചു. മർദനമേറ്റതിനാൽ ഇൻസ്പെക്ടർ ബി.ജി. കുമാരസ്വാമി വിജയ്യെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. വിജയ് മാല വിഴുങ്ങിയെന്ന് പൊലീസ് വിശ്വസിച്ചിരുന്നില്ല. എന്നാൽ, ആശുപത്രിയിെലത്തി എക്സ്റേ എടുത്തതോടെ യുവാവിന്റെ വയറ്റിൽ മാല ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ താൻ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ എല്ലാണെന്നായിരുന്നു വിജയ്യുടെ വാദം.
തുടർന്ന് പൊലീസും ഡോക്ടർമാരും ചേർന്ന് മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നൽകുകയായിരുന്നു. മാല പുറത്തുവന്നതോടെ വിജയ്ക്കെതിരെ പൊലീസ് മോഷണത്തിന് കേസെടുത്തു.