ടെസ്റ്റ് ഡ്രൈവിനിടെ ബൈക്കുമായി മുങ്ങി; കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍
ചെന്നൈ : ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടര്‍ ബൈക്കുമായി കടന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാല്‍ (29) അറസ്റ്റിലായി. എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഓട്ടോയില്‍ യാത്ര ചെയ്ത ഇയാള്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1500 രൂപയോളം നല്‍കാനുണ്ടെന്നും തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതി കര്‍ണാടകയിലും സമാന തട്ടിപ്പു നടത്തിയെന്ന വിവരവും ലഭിച്ചു.
മാന്യമായി വേഷം ധരിച്ചു മികച്ച വൈദഗ്ധ്യത്തോടെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജനേ കടത്തുകയായിരുന്നു.
ഫോണിന്റെ സിഗ്നല്‍ പിന്തുടര്‍ന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നില്‍ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയില്‍ മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. ബൈക്ക് ചെന്നൈയില്‍ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്തേക്കുള്ള വിമാനടിക്കറ്റും കണ്ടെടുത്തിട്ടുണ്ട്.