കാസർകോട് നഗരത്തിൽ നടപ്പാതയിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല ശക്തമായ നടപടിയുമായി ട്രാഫിക് പോലീസ്
കാസർകോട്:നഗരത്തിൽ നടപ്പാതയിൽ വാഹന പാർക്കിങ് അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഇത്തരത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി കൈക്കൊണ്ടിരുന്നു. നഗരത്തിലെത്തുന്ന വാഹനയാത്രക്കാർ നടന്നുപോകുന്നവരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തി ഇത്തരത്തിൽ വാഹനം നിർത്തി കടകളിലും മറ്റും പോകുന്നത് സ്ഥിരമാണ്.
ബാങ്ക് റോഡ്, കെപിആർ റാവു റോഡ്, നായക്സ് റോഡ്, പുതിയ ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് കൂടുതലായും ഇത്തരത്തിൽ വാഹനം നിർത്തിയിടുന്നത്. പാർക്കിങ് സൗകര്യമൊരുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും കടകളിലും എത്തുന്നവരുടെ വാഹനമാണ് ഇതിലേറെയും.
ഉത്സവകാലത്ത് തിരക്കേറുന്നത് പതിവാണെങ്കിലും ശേഷവും ഇത്തരത്തിൽ വാഹനം നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തുവന്നത്. ബുധനാഴ്ച മാത്രം ട്രാഫിക് എസ്ഐ ടോണി ജെ മറ്റം നേതൃത്വത്തിൽ ഇരുപത്തഞ്ചോളം വാഹനങ്ങളിൽ നിയമവിരുദ്ധ പാർക്കിങ്ങിന് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് പതിച്ചു. എസ്ഐ കെ പദ്മനാഭൻ, എഎസ്ഐ എ ബാലകൃഷ്ണൻ എന്നിവരുമുണ്ടായി.