കലോത്സവം:ഗതാഗതക്കുരുക്കിലകപ്പെട്ട മത്സരാര്‍ത്ഥിക്ക് സഹായവുമായി പിങ്ക് പോലീസ്
കാഞ്ഞങ്ങാട്:കലോത്സവ ഉദ്ഘടന വേദിയിലെ ആദ്യ മത്സരയിനത്തിന് പുറപ്പെട്ട വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട് സൗത്തില്‍ രൂപപ്പെട്ട ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോള്‍ സഹായവുമായി എത്തി പിങ്ക് പോലീസ്. പ്രധാനവേദിയായ കുഞ്ഞിരാമന് നായര്‍ വേദിയിലെ ആദ്യ ഇനമായ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളുടെ മോഹിനിയാട്ടത്തിന് പുറപ്പെട്ടതായിരുന്നു മത്സരാര്‍ത്ഥി. ഉദ്ഘാടന ചടങ്ങിലെ ജന ബാഹുല്യം കാരണം രൂപപ്പെട്ട ഗതാഗത കുരുക്കില്‍ അകപ്പെട്ട ബസില്‍ ധര്‍മസങ്കടത്തിലായ മത്സരാര്‍ത്ഥിക്ക് സമീപത്തുണ്ടായിരുന്ന പിങ്ക് പോലീസാണ് സഹായ ഹസ്തവുമായി എത്തിയത്. പിങ്ക് പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ മത്സര സ്ഥലത്തെത്തിയ വിദ്യാര്‍ത്ഥിനി സന്തോഷത്തോടെ വേദിയിലേക്ക് ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ദേശീയ പാതയില്‍ കെ എസ് ആര് ടി സി ബസില്‍ ഹൃദയഗാതം സംഭവിച്ച യാത്രക്കാരനെയും പിങ്ക് പോലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.കാസര്‍കോട് പിങ്ക് പൊലീസിലെ എസ്.ഐ എം എ ശാന്തയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.