സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍
നേമം: സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ മലയിന്‍കീഴ് പൊലീസ് പിടികൂടി. മലയിൻകീഴ് കൊല്ലാക്കര പുതുവീട്ടുമേലെ അനിത ഭവനില്‍ അരവിന്ദ് ജി. നായര്‍ ആണ് (24) പിടിയിലായത്.
ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടുമേലെ കൊല്ലാക്കരയില് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഒരു പ്രാദേശിക സി.പി.എം നേതാവിെൻറ ഗൃഹപ്രവേശന കര്‍മത്തിനെത്തിയ പ്രവര്‍ത്തകരും അതുവഴി ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരായ വിഷ്ണു (24), അനിക്കുട്ടന് (28), സി.പി.എം പ്രവര്ത്തകന് അനിരുദ്ധ് (24) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ബി.ജെ.പി പ്രവര്‍ത്തകരെ മലയിന്‍കീഴ് താലൂക്കാശുപത്രിയിലും അനിരുദ്ധിനെ കാട്ടാക്കട ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.