ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; മകന് പരിക്ക്
കുന്നംകുളം നഗരസഭ ഓഫിസിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം, മകൻ ഓടിച്ചിരുന്ന സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഗീത.
കുന്നംകുളം: ലോറിയിടിച്ച് മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്കേറ്റു. തൃശൂർ പൂങ്കുന്നം മുതുവീട്ടിൽ വിശ്വംഭരെൻറ ഭാര്യ ഗീതയാണ് (47) മരിച്ചത്. മകൻ വിനീഷിനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ഓടിച്ചിരുന്ന സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഗീത.
കുന്നംകുളം നഗരസഭ ഓഫിസിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വടക്കേക്കാടുള്ള ബന്ധുവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചതോടെ റോഡിൽ തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്ത് ലോറി കയറിയിറങ്ങി. ഇതോടെ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. ഇതിനിടെ ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ ഓടിക്കൂടിയവർ തടഞ്ഞ് പൊലീസിന് കൈമാറി. തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ ഹൗസ് കീപിങ് ജീവനക്കാരിയാണ് ഗീത. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റൊരു മകൻ: വിജേഷ്.