റോഡരുകില്‍ വീണുമരിച്ച് അച്ഛന്, അച്ഛന് മരിച്ചതറിയാതെ മൃതദേഹത്തിനരികെ മൂന്നു വയസ്സുള്ള
ഇരട്ടക്കുട്ടികള്‍ കഴിഞ്ഞത് മണിക്കൂറോളം
കൊച്ചി: പറവൂരിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഗെയ്റ്റിനു മുന്നിലെ റോഡരുകില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന് മരിച്ചതറിയാതെ മൃതദേഹത്തിനരികെ മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ കഴിഞ്ഞത് മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നിലാണ് ദാരുണമായ മരണം നടന്നത്.
കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ മകന് ജിതിന് (29) ആണ് മരിച്ചത്. ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പുലര്‍ച്ചെ ആറിന് പത്രവിതരണത്തിനെത്തിയ ആളാണ് കണ്ടത്. കുട്ടികള്‍ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. മൂന്ന് മണിക്കൂറോളം കുട്ടികള്‍ അച്ഛന് സമീപത്തിരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിലായിരുന്നു ജിതിനും ഇരട്ടക്കുട്ടികളും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ജിതിന് മരിച്ച് കിടക്കുന്നത് കണ്ട പത്രവിതരണക്കാരന് ഇവര്‍ താമസിച്ചിരുന്ന കോട്ടേജിലെത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് പരിസരത്തെ വീടുകളിലും റിസോര്‍ട്ട് ജീവനക്കാരെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ത്തവച്ച രീതിയിലായിരുന്നു ജിതിന്റെ മൃതദേഹം കിടന്നിരുന്നത്.
റിസോര്‍ട്ടില്‍ നിന്നും പുലര്‍ച്ചെ രണ്ടരയോടെ ജിതിന് മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തിറങ്ങവെ ഹൃദയാഘാതം സംവിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഒരാഴ്ചയായി ജിതിനും മക്കളും മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു. റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ക്രിസ്റ്റീന ജോലി സംബന്ധമായി ബെംഗളൂരുവിലായിരുന്നു. ജിതിനും കുടുംബവും റിസോര്‍ട്ടില്‍ താമസിക്കാനായി പലതവണ വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.