രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട്;അവലോകന യോഗം നടത്തി
കാസർകോട് : രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കാസർകോട് മണ്ഡലത്തിൽ നടത്തുന്ന വികസന പദ്ധതികളുടെ നിർവഹണ പുരോഗതി എം.പിയുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. കാസർകോട് ജില്ലയിൽ കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച ഫണ്ടിൽനിന്ന് 38 ലക്ഷം രൂപ ചെലവിൽ മൂന്ന് ആംബുലൻസുകൾ, മൾട്ടി പാരമോണിറ്റർ, പോർട്ടബിൾ അൾട്രാ സൗണ്ട് മെഷീൻ, പൾസ് ഓക്സി മീറ്റർ, എൻ95 മാസ്കുകൾ, പിപിഇ കിറ്റ്, പ്രൊട്ടക്ടീവ് മാസ്കുകൾ തുടങ്ങിയവ വാങ്ങിയതായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഭരണാനുമതി ലഭിച്ച 54.25 ലക്ഷത്തിൽ അവശേഷിച്ച തുകയുടെ പുതുക്കിയ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എം.പി നിർദേശം നൽകി.
കാസർകോട് ജില്ലയിൽ സാമൂഹ്യനീതി വകുപ്പ് മുഖേന ഇലക്ട്രിക് വീൽചെയർ, ട്രൈസിക്കിൾ എന്നിവ അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷകൾ ലഭിച്ചതായും സാങ്കേതിക സമിതി രൂപീകരിച്ച് സെപ്റ്റംബർ രണ്ടാംവാരം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും സാമൂഹിക നീതി ജില്ലാ ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ആർട്ടിഫിഷ്യൽ ലിംബ് പദ്ധതിക്ക് ഗുണഭോക്താക്കളെ അടിയന്തിരമായി കണ്ടെത്താൻ എം.പി നിർദേശം നൽകി.
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 10,97,250 രൂപ വീതമുള്ള അഞ്ച് വെൻറിലേറ്റർ സ്ഥാപിക്കാനുള്ള പദ്ധതിയിൽ പുതുതായി ഇ-ടെൻഡർ ക്ഷണിക്കാൻ എം.പിയുടെ നിർദേശ പ്രകാരം തീരുമാനിച്ചു. ഇതിനായി നേരത്തെ അനുവദിച്ച 45,50,000 രൂപയ്ക്ക് പുറമെ 9,36,250 രൂപ എം.പി ഫണ്ടിൽനിന്ന് കൂടുതലായി അനുവദിക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് 3,93,120 രൂപയുടെ ആറ് മൾട്ടി പാര മോണിറ്റർ, 39,936 രൂപയ്ക്ക് രണ്ട് ക്രാഷ് കാർട്ട് എന്നിവ വാങ്ങിയതായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ്. മായ, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.