30 പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് പിടിയില്‍
റാഞ്ചി: മാവോയിസ്റ്റ് വേട്ടയില്‍ നിര്‍ണായക മുന്നേറ്റവുമായി ജാര്‍ഖണ്ഡ് പൊലീസ്. 30 പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് രമേഷ് ഗഞ്ജു (45) എന്ന ആസാദിനെ ചത്ര പൊലീസ് കീഴടക്കി. ചത്ര ജില്ലയിലെ ലോവലോംങ് പ്രദേശത്തുനിന്നാണ് സിആര്‍പിഎഫ് പൊലീസ് സംയുക്ത സംഘം രമേഷ് ഗഞ്ജുവിനെ അതിസാഹസികമായി പിടികൂടിയത്. ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നായി 30 പൊലീസുകാരെ ആസാദും സംഘവും കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ 48 കേസുകള്‍ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് വക്താവും ഐജി ഓപ്പറേഷന്‍സുമായ എ.വി.ഹോംകര്‍ അറിയിച്ചു. ജാര്ഖണ്ഡ്ബിഹാര് സര്‍ക്കാരുകള്‍ രമേശ് ഗഞ്ജുവിന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു.
അടുത്തിടെ അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ മാവോയിസ്റ്റില്‍നിന്ന് ഇയാളെ മാറ്റി നിര്‍ത്തിയിരുന്നെങ്കിലും ലോവലോംങ് പ്രദേശത്ത് സജീവമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത സംഘം പ്രദേശം വളഞ്ഞാണ് ഗഞ്ജുവിനെ കീഴടക്കിയത്. പ്രദേശത്തെ ചില കറുപ്പ് വ്യാപാരികളെ തട്ടിയെടുത്ത് വില പേശുന്നതിനിടെയാണ് കൊടും മാവോയിസ്റ്റ് പിടിയിലാവുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഒളിത്താവളം വളഞ്ഞ പൊലീസ് സിആര്‍പിഎഫ് സംഘം രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. പൊലീസ് നീക്കം മണത്തറിഞ്ഞ് ഗഞ്ജുവിന്റെ രണ്ടു സഹായികള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
പീഡന പരാതിയില്‍ പാര്‍ട്ടി മാറ്റിനിര്‍ത്തി
മൂന്നു മാസം മുന്‍പ് ഒരു ആദിവാസി യുവതിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഗഞ്ജുവിനെ സിപിഐ മാവോയിസ്റ്റ് പ്രദേശിക കമ്മിറ്റി ഒഴിവാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. സംഘടനയില്‍നിന്നു പുറത്താക്കിയതോടെ ഇയാള്‍ കറുപ്പ് വ്യാപാരത്തിലേക്ക് കടക്കുകയും കറുപ്പ് വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ടു കറുപ്പ് വ്യാപാരിയെ തട്ടിയെടുത്ത് വിലപേശുന്നതിനിടെയാണ് പിടിയിലായത്. ഒളിത്താവളത്തിലെ പരിശോധനയില്‍ കാര്യമായ ആയുധങ്ങളോ, മാവോയിസ്റ്റ് ലഘുലേഖകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ചത്രയിലെ സദര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ദുങ്കിക്കോച്ചിയിലെ താമസക്കാരനായിരുന്നു ഗഞ്ജു.
സംഘടനയെ ശക്തിപ്പെടുത്താന്‍ രഹസ്യ നീക്കം
സിപിഐ മാവോയിസ്റ്റില്നിന്നു താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നെങ്കിലും സംഘടന ശക്തിപ്പെടുത്താന്‍ ഇയാളെ രഹസ്യമായി നിയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനാണ് ഇയാള്‍ കറുപ്പ് കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നല്കുന്ന വിവരം. രണ്ടു പതിറ്റാണ്ടിലേറെ സിപിഐ മാവോയിസ്റ്റില്‍ സജീവമായിരുന്ന ഗഞ്ജു ജാര്‍ഖണ്ഡിലെ ചത്ര, ലതേഹര്‍, ജില്ലകളിലും അയല്‍ സംസ്ഥാനമായ ബിഹാറിലെ ഗയ, ഔറംഗബാദ് ജില്ലകളുടെയും ചുമതലക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒടുവില്‍ ലുലാഹും പിടിയില്‍
അതേസമയം സിപിഐ മാവോയിസ്റ്റിലെ മറ്റൊരു മുതിര്‍ന്ന നേതാവ് ഹസാരിബാഗില്‍ പിടിയിലായി. ജാര്ഖണ്ഡ്ബിഹാര് സര്‍ക്കാരുകള്‍ 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു കുന്ദന്ഡ, ഷാക്കെറ്റ്, ലുലാഹ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പ്രദ്യുമന് ശര്‍മ (49) യാണ് സിആര്പിഫ്പൊലീസ് സംയുക്ത നീക്കത്തില്‍ പിടിയിലായത്. തൊണ്ണൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹസാരിബാഗ് ജില്ലയിലെ ചൗപരന്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കോതഡുമാര് കുന്ന് വളഞ്ഞാണ് സംയുക്ത സംഘം ഇയാളെ കീഴടക്കിയത്. സിപിഐ മാവോയിസ്റ്റ് സ്പെഷല്‍ ഏരിയ കമ്മിറ്റിയിലെ പ്രമുഖ അംഗമാണ് പ്രദ്യുമന്.
തട്ടിയെടുക്കലിന്റെ സൂത്രധാരന്‍
ബിഹാറിലെ ജഹനാബാദ് ജില്ലക്കാരനായ പ്രദ്യുമന് ഇരുസംസ്ഥാങ്ങളിലെ നിരവധി തട്ടിക്കൊണ്ടുപോകല്‍ റാക്കറ്റുകളുടെ സൂത്രധാരനാണെന്ന പൊലീസ് അറിയിച്ചു. ഫിലോസഫി ബിരുദധാരിയായ പ്രദ്യുമന് പൊലീസ്, സിആര്‍പിഎഫ് സംഘം അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയി വില പേശുന്നതില്‍ അഗ്രഗണ്യനാണ്. പൊലീസ് പ്രദേശം വളഞ്ഞതോടെ കൂട്ടാളികള്‍ രക്ഷപ്പെട്ടു. രൂക്ഷമായ ഏറ്റുമുട്ടലിലൂടെ ലുലാഹിനെ കീഴടക്കുകയായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് മാവോയിസ്റ്റുകള്‍ തന്നെ സ്ഥാപിച്ച വിദൂര നിയന്ത്രിത കുഴിബോംബ് സ്ഫോടനത്തില്‍ ഇയാളുടെ ഇടതു കൈ പൂര്‍ണമായി തകര്‍ന്നിരുന്നു.