കാസർകോട്: ഡിസം: 17 നു നടക്കുന്ന നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ 21ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മൊയ്തീൻ കമ്പ്യുട്ടർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. മുസ്ലിം ലീഗിലെ കെ എം അബ്ദു റഹ്മാൻ രാജിവെച്ച ഒഴിവിലേക്കാണു ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മികച്ച സാമൂഹ്യ പ്രവർത്തകനായ മൊയ്തീൻ ഇത് രണ്ടാം തവണയാണു മൽസര രംഗത്തിറങ്ങുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന കഴിഞ്ഞ തവണ 56 വോട്ടിനാണു മൊയ്തീൻ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇക്കുറി തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണു മൊയ്തീൻ.
വേനൽകാലത്ത് രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാസങ്ങളോളം മൊയ്തീന്റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണം നാട്ടുകാർക്കിടയിൽ സ്ഥാനാർത്ഥിയെ സമ്മതനാക്കുന്നു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ നിറസാന്നിധ്യം കൂടിയാണ് മൊയ്തീൻ.അതേസമയം മൊയ്തീനുവേണ്ടി പത്രിക പിൻവലിച്ചു പരസ്യ പിന്തുണ നൽകാനാണ് എൽ.ഡി.എഫ് നീക്കം.നിലവിൽ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ അബ്ദുൽ റഹ്മാനാണ് പത്രിക നൽകിയിട്ടുള്ളത്.