എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്നവർക്ക് വാഹനപാർക്കിംഗ് സൗകര്യമില്ല,റോഡിലും ആശുപത്രി മുറ്റവും വാഹനങ്ങൾ കൊണ്ട് നിറയുന്നു.
ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ അപകടം ഉറപ്പ്
തായന്നൂർ : നിത്യേന നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാർക്കിംഗ് സൗകര്യമില്ലാത്തത് രോഗികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
ആ ശു പ ത്രിയിലെത്തുന്നവർ റോഡരികിലും ആശുപത്രി മതിലിന്ന് പുറത്തും വാഹനം പാർക്ക് ചെയ്ത് വേണം ആശുപത്രിയിലെത്താൻ ആവശരായ രോഗികളെയും അത്യാഹിത സമയങ്ങളിലും രോഗികളെ താങ്ങിയെടുത്ത് വേണം റോഡിൽ നിന്നും ആശുപത്രിയ്ക്കകത്തേക്ക് എത്തിക്കാൻ .കോവിഡ് വാക്സിനെടുക്കാൻ നിത്യേനയെത്തുന്നവരും മറ്റു ചികിത്സ തേടിയെത്തുന്നവരുടെയും വാഹനങ്ങൾ കൊണ്ട് ആശുപത്രിക്ക് മുന്നിലെ പ്രധാന റോഡിൻ്റെ ഇരുവശവും നിറയുകയാണ്.ഇത് പലപ്പോഴും ഗതാഗതപ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.ആശുപത്രിയിൽ പാർക്കിംഗ് സൗകര്യമേർപ്പെടുത്തണമെന്ന് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. പലപ്പോഴും വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കുമ്പോഴും , കോവിഡ് പരിശോധന നടത്താനും ഒ.പി ചികിത്സയ്ക്കുമായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ആശുപത്രിക്ക് മുമ്പിലെ വീതികുറഞ്ഞ ജില്ലാപഞ്ചായത്ത് റോഡിന് ഇരുവശത്തുമായി വാഹനങ്ങൾ പാർക്കു ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇത് കൂടുതൽ അപകടസാധ്യത ക്ഷണിച്ചു വരുത്തുകയാണെന്നും ആശുപത്രി കോമ്പൗണ്ടിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരിക്കെ പാർക്കിംഗ് സൗകര്യമൊരുക്കി അപകടമൊഴിവാക്കാനും അധികൃതർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
എ.എം ഗണേഷിന്റെ അദ്ധ്യക്ഷതയിൽ സുരേഷ് കുമാർ യോഗം ഉത്ഘാടനം ചെയ്തു. ജി. ഗോകുൽ റിപ്പോർട്ടും നിതിൻ നാരായണൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മിഥുൻ കണ്ണൻ, മനു, രാജേഷ്, ഗിരീഷ്, ശ്രീകുമാർ രജ്ഞിത്ത് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി രമേശൻ മലയാറ്റുകര (പ്രസി.), സതീശൻ . സി ( വൈസ്.പ്രസി.) ,സി.എം കൃഷ്ണൻ (സെക്രട്ടറി), പ്രിയേഷ് കുമാർ (ജോ: സെക്രട്ടറി), വിജിത ശ്രീജിത് (ട്രഷറർ) അമ്പു. എ ഇ (രക്ഷാധികാരി)എന്നിവരെ തെരഞ്ഞെടുത്തു. രാഖിൽ സ്വാഗതവും ആനന്ദ് നന്ദിയും പറഞ്ഞു.