പതിവ് തെറ്റിച്ചില്ല,ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് ഓണസദ്യയൂട്ടാൻ അവശത വകവയ്ക്കാതെ മാണിക്കമ്മ എത്തി.
തൃക്കരിപ്പൂർ : ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് പതിനാലാം തവണയും ഓണസദ്യയൂട്ടാൻ അവശത വകവയ്ക്കാതെ മാണിക്കമ്മ എത്തി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരി കാലത്തും അവിട്ടം നാളിൽ വാനരർക്ക് വിഭവസമൃദ്ധമായ സദ്യ നൽകിയത്. 20 വർഷമായി മുറതെറ്റാതെ ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയ ചാലിൽ മാണിക്കമ്മയെന്ന എൺപതുകാരി 20 മാസമായി അസുഖത്താൽ കിടപ്പിലായിരുന്നു. നിത്യവും ചോറൂട്ടി സ്നേഹം കാട്ടിയ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ഈ വർഷത്തെ സദ്യ. മാണിക്കമ്മ നീട്ടി വിളിച്ചതോടെ വാനരപ്പടയുടെ സദ്യ തുടങ്ങി. പഴങ്ങളും പച്ചക്കറികളുമായി പതിനാലു വിഭവങ്ങൾ. കുടിക്കാൻ സ്റ്റീൽ ഗ്ലാസിൽ വെള്ളവും. ഗ്രന്ഥശാലാ പ്രവർത്തകരായ പി വേണുഗോപാലൻ, പി വി പ്രഭാകരൻ, വി കെ കരുണാകരൻ, എം ബാബു, ആനന്ദ് പേക്കടം, വി രാഹുൽ, എ സുമേഷ്, എൻ വി ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.