കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പില്‍ ഒരു മരണം; 168 പേര് കൂടി ഇന്ത്യയിലെത്തി; മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലെത്തിക്കും
കാബൂള്‍/ന്യുഡല്‍ഹി: അഫ്ഗാനിസ്താനിലെ കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വെടിവയ്പ്. അമേരിക്കന്‍, ജര്‍മ്മന്‍ സേനാംഗങ്ങള്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ഇവരെ അഫ്ഗാന് സേന നേരിട്ടു. വിമാനത്താവളത്തില്‍ സുരക്ഷയിലുണ്ടായിരുന്ന അഫ്ഗാന് സൈനികന് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാവിലെ നോര്‍ത്ത് ഗേറ്റിലാണ് വെടിവയ്പുണ്ടായതെന്ന് ജര്‍മ്മന്‍ സേന വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ പത്തിലേറെ പേര് കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, അഫ്ഗാനില്‍ കുടുങ്ങിപ്പോയ 168 പേര് കൂടി ഇന്ത്യയിലെത്തി. വിവിധ വിമാനങ്ങളിലായി ഡല്‍ഹി വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. ഇവരില്‍ 146 പേര് ഇന്ത്യക്കാരാണ്. ന്യുനപക്ഷ എം.പിമാരായ നരിന്ദര്‍ സിംഗ് ഖല്‍സ, അനാര്‍കലി കൗര്‍ ഹോനര്യാര് അവരുെട കുടുംബങ്ങളും അടക്കം 24 അഫ്ഗാന് സിഖ്, ഹിന്ദു വിശ്വാസികളും സംഘത്തിലുണ്ട്. ഓഗസ്റ്റ് 14ന് യു.എസ് എംബസി വിമാനത്തില്‍ ഖത്തറിലെത്തിയ ഇവര്‍ സൈനിക താവളത്തില്‍ കഴിയുകയായിരുന്നു. യു.എസ് എംബസി അധികൃതര്‍ ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തിയാണ് ഇവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കിയതെന്ന് യാത്രക്കാരില്‍ ഒരാളായ സുനില്‍ എന്നയാള്‍ പ്രതികരിച്ചു. ഇതിനകം മലയാളികളടക്കം 500 ഓളം പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 400 ഓളം പേര് ഇപ്പോഴും അഫ്ഗാനിലുണ്ടെന്നാണ് വിവരം.
അഫ്ഗാനിസ്താനില്‍ കുടുങ്ങിപ്പോയ മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലെത്തിക്കും. സിസ്റ്റര്‍ തെരേസയെ സുരക്ഷാസേന കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചു. എന്നാല്‍ വിമാനത്താവളത്തിനുള്ളിലേക്ക് കയറാനായിട്ടില്ല. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തുമെന്ന് സിസ്റ്റര്‍ തെരേസ വീട്ടുകാരെ അറിയിച്ചു. ഇറ്റലിയിലേക്ക് പോകാനാണ് ആദ്യം തിരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ഇതികം വിമാനത്താവളത്തിനുള്ളില്‍ കടന്ന ഇന്ത്യക്കാരേയും 46 അഫ്ഗാന് ഹിന്ദുക്കളേയും സിഖ്കാരേയും മൂന്ന് ശ്രീഗുരു സാഹിബ് വിശ്വാസികളെയും വൈകാതെ ഡല്‍ഹിയിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.