മതിലുകളിലെ പോസ്റ്റര്‍ കണ്ട് വലയില്‍ വീണു; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, നിരവധിപ്പേര്‍ക്ക് പണം നഷ്ടമായി,
കളമശേരി : കൊച്ചിയില്‍ അധികത്തുക വാഗ്ദാനം ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം സജീവം. നിരവധിപ്പേര്‍ക്കു പണം നഷ്ടമായതായി റിപ്പോര്‍ട്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബിലേക്കു കൈമാറിയതിന്റെ സൂചനയുള്ളതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകളുള്ളത് കൊച്ചി നഗരത്തിലാണ്. ഇവരെ ലക്ഷ്യമാക്കി വൈദ്യുതിപോസ്റ്റുകളിലും മതിലുകളിലുമാണു തട്ടിപ്പ് സംഘങ്ങള്‍ പരസ്യം പതിപ്പിക്കുന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായവരാണ് ഇവരുടെ വലയില്‍ വീഴുന്നത്.
ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്നാണു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒരുലക്ഷം രൂപയ്ക്ക് 3,000 രൂപയാണ് കമ്മീഷനായി ഇവര്‍ ആവശ്യപ്പെടുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അധികമായി തുകപിന്‍വലിക്കുന്നതിനു ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മറികടക്കാന്‍ സഹായിക്കാമെന്നും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നു.
പരസ്യത്തില്‍ ആകൃഷ്ടരായി തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ തട്ടിപ്പുകാരുടെ പ്രതിനിധിയെത്തും. പിന്നിട് കാര്‍ഡ് നമ്പര്‍, സി.വി.വി നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അവശ്യപ്പെടും. സംശയം ഉന്നയിച്ചാല്‍ അവര്‍ ഒഴിഞ്ഞുമാറും. പിന്നീട് ഫോണ്‍ എടുക്കാതാകുകയും ബ്ലോക്ക് ചെയ്യുകയുമാണ് പതിവ്. ഐടി പ്രഫഷണലുകളും ബിസിനസുകാരുമാണ് ഇവരുടെ പ്രധാന ഇരകള്‍.
ഇത്തരത്തില്‍ കൈക്കലാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുത്ത് പണം തട്ടുന്ന രീതിയാണു തട്ടിപ്പ് സംഘങ്ങള്‍ പൊതുവേ സ്വീകരിക്കുന്നതെന്നു സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ജിയാസ് ജമാല്‍ പറഞ്ഞു. കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കൈമാറുന്നവരുമുണ്ട്. കാര്‍ഡ് ഉപയോഗിച്ച് ഡാര്‍ക്ക് വെബില്‍ മയക്കുമരുന്ന്, തോക്കുകള്‍, മറ്റ് നിരോധിത ഉത്പന്നങ്ങള്‍ വാങ്ങാനും തീവ്രവാദപ്രവര്ത്തികളിലേക്ക് പണം ഒഴുക്കുവാനും സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.