കേരള ഗ്രാമീൺ ബാങ്കിൽ കവർച്ചശ്രമം,ഭിത്തി തുരന്ന് അകത്തു കയറാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്
പെരുമ്പാവൂർ: എ.എം. റോഡിൽ കേരള ഗ്രാമീൺ ബാങ്കിൽ കവർച്ചശ്രമം. ശനിയാഴ്ച രാത്രി 11ന് ബാങ്കിന് സമീപത്തുള്ള ഡ്രീം ടവറിെൻറ ഭിത്തിയാണ് തുരന്നത്. താഴത്തെ നിലയിലുള്ള ബറോഡ ബാങ്കിെൻറ എ.ടി.എം കൗണ്ടറിെൻറ ഷട്ടറിടാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മുകളിലത്തെ നിലയിൽ ഭിത്തി തുരക്കുന്ന ശബ്ദം കേട്ടത്.
സെക്യൂരിറ്റി ഉടനെ പെരുമ്പാവൂർ പൊലീസിൽ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തും മുമ്പ് മോഷ്ടാക്കൾ കടന്നുകളഞ്ഞു.തോമ്പ്ര വീട്ടിൽ ടി.വി. വർഗീസിെൻറ ഉടമസ്ഥതയിലുള്ളതാണ് ഡ്രീം ടവർ. കെട്ടിടത്തിെൻറ ഒന്നാം നിലയിലെ ഗോവണിയോടു ചേർന്നുള്ള ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കയറാൻ ശ്രമിച്ചത്.
ആശ്രമം ഹൈസ്കൂളിന് സമീപമാണ് സംഭവം.ബാങ്കിെൻറ പിറകു വശത്തുള്ള ഗോവണി വഴിയാണ് മോഷ്ടാക്കൾ ഒന്നാം നിലയിലേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരം.
കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സിമൻറു വെള്ളത്തിൽ ചവിട്ടിയതിെൻറ കാൽപാടുകളുണ്ട്. ഒന്നിലധികം ചെരിപ്പുകളുടെ അടയാളങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ധരും പൊലീസ് നായും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.ഗ്രാമീൺ ബാങ്കിനോടു ചേർന്നുള്ള നാഷനൽ ഇൻഷുറൻസിെൻറ ഓഫിസിലെ കാമറ പ്ലാസ്റ്റിക് കവറുപയോഗിച്ച് മറച്ച ശേഷമായിരുന്നു ഭിത്തി തുരന്നത്. സംഭവ സ്ഥലത്തുനിന്നും പിക്കാസ് കണ്ടെത്തിയിട്ടുണ്ട്.