കേരളത്തിലെ ജയിലുകളിലെ സൗകര്യങ്ങള്‍ മോഹിപ്പിച്ചു, കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി എസ് പിയെ വിളിച്ചു പറഞ്ഞതിങ്ങനെ
കൊല്ലം:കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്ന് വെളിപ്പെടുത്തല്‍.കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ജയിലുകളിലെ സൗകര്യം അറിഞ്ഞാണത്രേ കേരളത്തില്‍ കേസുണ്ടാക്കാന്‍ ശ്രമിച്ചത്.കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കന്നഡ അഡാഹോസ് പുല്ലാട്ട് ഹൗസില്‍ ജയേഷിനാണ് (38) ഇങ്ങനെയൊരു മോഹം.കഴിഞ്ഞ 14ന് വൈകിട്ട് 6.15ഓടെയാണ് കൊല്ലം അഡിഷണല്‍ എസ്.പിയുടെ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.’ഞാന്‍ മൂന്ന് പേരെ ഇല്ലാതാക്കും. അതിലൊന്ന് കൊല്ലത്തെ ന്യായാധിപനായിരിക്കും’- എന്നായിരുന്നു ഭീഷണി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.അപകടകാരി ആയതിനാല്‍ ജയേഷിനെ ഒറ്രയ്ക്ക് ഒരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദിവസം അര മണിക്കൂര്‍ മാത്രമാണ് പുറത്തിറക്കുന്നത്. കൈയിലുള്ള ഡയറിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ പൊലീസ്, അഭിഭാഷകര്‍ എന്നിവരുടെ നമ്പരുണ്ട്. ഇങ്ങനെയാണ് കൊല്ലം അഡിഷണല്‍ എസ്.പിയുടെ ഓഫീസിലേക്ക് വിളിച്ചത്. കഴിഞ്ഞ വര്‍ഷം കൊട്ടാരക്കര പൊലീസില്‍ വിളിച്ചും ഇതേഭീഷണി മുഴക്കിയിരുന്നു. അതിലും കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട ജില്ലയില്‍ കുറച്ചുകാലം തങ്ങിയതാണ് കേരളവുമായിള്ള ഏക ബന്ധമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.