മുഴപ്പിലങ്ങാട്: എസ്.എം.എ ജനിതക രോഗം ബാധിച്ച ഇനാറ മറിയം എന്ന കുട്ടിയുടെ അടിയന്തിര ചികിത്സക്ക് തടസ്സം സൃഷ്ടിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ചാല ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാ സമിതി നടത്തിയ മാർച്ച് നാടിൻ്റെ വികാരമായി. കോവിഡ് നിയന്ത്രണങ്ങളും ശാരീരിക അകലവും പാലിച്ച് ഇരുപത് പേരുടെ സംഘങ്ങളായി നടന്ന മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
അപൂർവ രോഗം ബാധിച്ച ഇനാറയുടെ അടിയന്തിരചികിത്സക്ക് 18 കോടി രൂപ കണ്ടെത്തുന്നതിന് സർവ്വകക്ഷി കമ്മിറ്റി ശ്രമം നടത്തുന്നതിനിടെ കേരളത്തിലെ 36 എസ്.എം.എ രോഗികൾക്ക് തീർത്തും സൗജന്യമായി കോടികൾ വിലവരുന്ന മരുന്ന് നൽകുന്നു എന്ന വാസ്തവവിരുദ്ധമായ വാർത്ത പത്രങ്ങളിൽ നൽകിയതിനാൽ ഇനാറക്ക് വേണ്ടിയുള്ള ധനസമാഹരണ ശ്രമങ്ങൾക്ക് വൻ തിരിച്ചടിയുണ്ടായതായി ചികിൽസാ സമിതി ആരോപിച്ചു. യഥാർത്ഥത്തിൽ മരുന്നുകമ്പനി ലോകത്തുടനീളമുള്ള മരുന്ന് അപേക്ഷകരുടെ പേരുകൾ നറുക്കിട്ടെടുത്ത് ഓരോ രാജ്യത്തും അപൂർവം ചിലർക്ക് സൗജന്യമായി നൽകുന്ന പദ്ധതിയിലേക്ക് രോഗികളുടെ പേര് രജിസ്റ്റർ ചെയ്യുക മാത്രമാണ് ആശുപത്രി ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി തെറ്റായ വാർത്ത തിരുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ആശുപത്രിക്ക് സുശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ജനറൽ കൺവീനർ പി. ഹമീദ് മാസ്റ്റർ, ട്രഷറർ ഹാഷിം ബപ്പൻ, വൈസ് ചെയർമാൻമാരായ എ.കെ. ഇബ്റാഹീം, തറമ്മൽ നിയാസ്, കൺവീനർമാരായ ഹുസീബ് ഉമ്മലിൽ, കെ. ടി. റസാഖ്, എം.കെ. അബൂബക്കർ., എ.പി. ശാഫി തുടങ്ങിയവർ നേതൃത്വം നൽകി.
എന്നാൽ കഴിഞ്ഞ ദിവസം മിംസ് ആസ്പത്രിക്കെതിരെ നടന്ന പ്രധിഷേധം നിരവധി മാധ്യമ പ്രവർത്തകരുടെ ക്യാമറകളിൽ പതിഞ്ഞുവെങ്കിലും ഒന്നും വെളിച്ചം കണ്ടില്ല . ഇതിനെതിരെ നവമാദ്യമങ്ങളിൽ വ്യപകമായി പ്രദിഷേധമാണ് നടന്നുവരുന്നത് .കോടികളുടെ പരസ്യവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന വാണിജ്യസ്ഥാപനത്തിനെതിരെ വാർത്തകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തം മാത്രമാണ് എന്നാണ് ചിലർ പറയുന്നത്. വലിയ പരസ്യദാതാവും തങ്ങളുടെ മാനേജ്മെൻ്റുകളുമായി നല്ല ബന്ധം പുലർത്തുന്നവരുമായവരുടെ സ്ഥാപനം എന്ന നിലയിലുള്ള തങ്ങളുടെ പരിമിതികൾ മനസിലാക്കണം എന്നാണ് ചിലർ ഇതുമായി ബന്ധപെട്ട് നൽകിയ പ്രതികരണം
നാട്ടിലെ എല്ലാവരും കൂടി നടത്തുന്ന ചികിത്സാ സംരംഭവുമായി ബന്ധപ്പെട്ട ഒരു സംഭവം എന്ന നിലയിൽ ഒരു ന്യൂസ് ആയെങ്കിലും കൊടുക്കാൻ മാധ്യമങ്ങൾക്ക് ബാധ്യതയില്ലേ എന്നാണ് ചികിത്സ സമിതി ചോദിക്കുന്നത് . പ്രത്യേകിച്ച് ആശുപത്രിയുടെ അവകാശവാദങ്ങൾ എല്ലാവരും വലിയ പ്രാധാന്യത്തോടെ കൊടുത്ത നിലക്ക്, മറുവശത്തിന് പറയാനുള്ളതും നേർപ്പിച്ചിട്ടെങ്കിലും കൊടുക്കാത്തത് പത്രധർമ്മത്തിന് നിരക്കുന്നതാണോ എന്നും ഇവർ ചോദിക്കുന്നു .