കാബൂൾ ഭരണകൂടത്തിന്റെ പതനം: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിൽ ലജ്ജാകരമായ മറ്റൊരു അധ്യായം പോപുലർ ഫ്രണ്ട്
കോഴിക്കോട് : രണ്ട് പതിറ്റാണ്ട് നീണ്ട പ്രതിരോധത്തിലൂടെ വിദേശ നാറ്റോ കടന്നുകയറ്റത്തെ തുരത്തിയ അഫ്ഗാൻ ജനതയിൽ ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും വൈദേശിക ആക്രമണത്തിൽ നിന്ന് തങ്ങളുടെ ഭൂമിയെ മോചിപ്പിക്കാൻ പോരാടുന്നതിനുള്ള പാഠങ്ങളുണ്ടെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം പ്രസ്താവിച്ചു. അഫ്ഗാനിസ്ഥാനിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യവും പുരോഗതിയും’ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുവരുമെന്ന് ഉൽഘോഷിച്ച യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ കളവാണെന്ന് തെളിഞ്ഞു. മരണവും നാശവും ദശലക്ഷക്കണക്കിന് ജനങ്ങളെ അഭയാർഥികളാക്കുകയും മാത്രമാണ് മാത്രമാണ് ചെയ്തത്. ഒന്നര ലക്ഷം അഫ്ഗാൻ പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുഎസ് രക്ഷാകർതൃത്വത്തിൽ സ്ഥാപിതമായ അഴിമതിക്കാരനും ചൂഷകരുമായ ഭരണകൂടം ജനങ്ങളുടെ ദുരിതം കൂടുതൽ വഷളാക്കി. അമേരിക്ക ട്രില്യൺ കണക്കിന് ഡോളർ നൽകി യുദ്ധപ്രഭുക്കളെയും മയക്കുമരുന്ന് മാഫിയകളെയും സഹായിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കൻ സൈന്യം പിൻവാങ്ങിയ അതേനിമിഷം തന്നെ അമേരിക്കൻ പാവ ഭരണകൂടം തകർന്നത് അതിശയപ്പെടുത്തുന്നില്ല. വൈദേശിക പാദസേവകരെ പാതിവഴിയിൽ ഉപേക്ഷിച്ചാണ് അധിനിവേശ ശക്തികൾ അവസാനം കാബൂൾ വിട്ടത്. അധിനിവേശത്തിന്റെ അവസാനത്തിൽ കാബൂൾ വിമാനത്താവളത്തിലെ അരാജകത്വവും പരിഭ്രാന്തിയും ലോകം കണ്ടതാണ്. അധിനിവേശ ശക്തികൾക്ക് ഓശാന പാടിയവരെ അമേരിക്ക എങ്ങനെ ഉപേക്ഷിച്ചുവെന്ന് ആ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ബുഷ് ഭരണകൂത്തിന്റെ ‘ഭീകരതയ്ക്കെതിരായ യുദ്ധം’ എന്ന പേരിൽ തുടങ്ങിവെച്ച സംഘടിത പ്രചരണങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചു. മുസ്ലിംകളോടുള്ള മനുഷ്യാവകാശ ലംഘനങ്ങളും പൈശാചിക വൽക്കരണവും ഇപ്പോഴും തുടരുന്നു. നൂറുകണക്കിന് നിരപരാധികൾ ചെയ്ത കുറ്റം എന്തെന്നറിയാതെ, വിചാരണ പോലുമില്ലാതെ വർഷങ്ങളോളം പീഡിപ്പിക്കപ്പെട്ടു. ഇവയെല്ലാം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായങ്ങളായി ഓർമ്മിക്കപ്പെടും. 2001 ൽ അഫ്ഗാനിസ്ഥാൻ ആക്രമിച്ച അമേരിക്കൻ നടപടിയെ ലോകം അപലപിക്കേണ്ടതുണ്ട്. യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാൻ ജനതയ്ക്കെതിരെയാണ് നാറ്റോ സഖ്യം മനുഷ്യത്വരഹിതമായ ബോംബാക്രമണങ്ങളും അത്യാധുനിക ആയുധങ്ങളുടെ പ്രയോഗവും നടത്തിയത്. ചരിത്രത്തിലെ ഏറ്റവും അധാർമ്മികവും അസാന്മാര്ഗ്ഗികമായ ദുരന്തങ്ങളിൽ ഒന്നാണത്.
സ്വേച്ഛാധിപത്യവും ക്രൂരവുമായ അമേരിക്കൻ ഇടപെടലുകളും ഭരണകൂടങ്ങൾക്കുള്ള സൈനിക പിന്തുണയും അവസാനിപ്പിക്കുകയാണ് ലോകം സുരക്ഷിതമായ ഇടമാകണമെങ്കിൽ ചെയ്യേണ്ടതെന്ന് ഒ എം എ സലാം ഓർമ്മിപ്പിച്ചു. അധിനിവേശ ശക്തികൾ തോറ്റോടിയപ്പോൾ, എല്ലാ ഭാഗത്തുമുള്ള അഫ്ഗാനികളും വംശീയവും വിഭാഗീയവുമായ ശത്രുതകൾ മറന്ന് ഒന്നിക്കുകയും അവരുടെ വിശ്വാസമോ വംശമോ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും പ്രയോജനപ്പെടുന്ന സുസ്ഥിരവുമായ രാഷ്ട്രീയ സംവിധാനം രൂപപ്പെടുക്കുകയും വേണമെന്ന് ഒ എം എ സലാം ഓർമ്മിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഉയർന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇടപെടാനും അയൽ രാജ്യവുമായുള്ള ഊഷ്മളവും സുദീർഘകാലവുമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു.