കാസര്‍കോട് കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
കാസർകോട് : ജില്ലയില്‍ കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്.രാജന് അഭ്യര്‍ത്ഥിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ആള്‍ക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും സമൂഹ സദ്യകളും ഒഴിവാക്കണം. ബന്ധു സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. അത്യാവശ്യത്തിനു മാത്രമേ യാത്രകള്‍ നടത്താവൂ. കടകളില്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടരുത്. പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പര്‍ക്ക സാധ്യതകളില്‍ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം. രോഗ ലക്ഷണമുള്ളവരും കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവരും കോവിഡ് -19 ടെസ്റ്റിന് വിധേയരാകണമെന്നും വാക്സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ വാക്സിനെടുത്ത് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.