ഇനി എല്ലാം ഓണ്ലൈന്തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനില്‍, സംസ്ഥാനത്ത് പുതുതലമുറ കുടുംബശ്രീകളും വരും മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍
കാസർകോട് : തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനിലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം രജതജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 213സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പിലാക്കാന്‍ സാധിച്ചു. സേവനങ്ങള്‍ ഓണ്‍ലൈനായാല്‍ പ്ലാന്‍ വരച്ചു കൊടുക്കല്‍ ഉള്‍പ്പെടെ എല്ലാം കൃത്യമാകുമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടു വരാതെ തന്നെ മുഴുവന്‍ സേവനങ്ങളും ലഭ്യമാകും. വിവിധ ഡയരക്ടറേറ്റുകള്‍ക്ക് കീഴിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഒരു കുടക്കീഴിലേക്ക് വരുമ്പോള്‍ അതിന്റെ രൂപവും ഭാവവും മാറും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ വരെയില്ലാത്ത പുതിയ മാനം ഇന്നുണ്ട്. സംരഭങ്ങള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ക്ക് എങ്ങനെ അനുമതി കൊടുക്കാമെന്ന ചിന്ത ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി സംരംഭങ്ങള്‍ തുടങ്ങുന്നതിന് തടസങ്ങളുണ്ടാകാന്‍ പാടില്ല.
സ്ത്രീശാക്തീകരണത്തിലൂടെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെയും ലോകമാതൃകയായ കേരളത്തിലെ കുടുംബശ്രീ യുണിറ്റുകള്‍ക്കൊപ്പം സംസ്ഥാനത്ത് പുതിയതലമുറ കുടുബശ്രീ വരുന്നതിനായി 18നും 40നും ഇടയില്‍ പ്രായമുള്ള അഭ്യസ്ത വിദ്യരായ യുവതികളെ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ 20000 പുതിയ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടണം. ഒരു വാര്‍ഡില്‍ ഒന്നെന്ന നിലയില്‍ സംരംഭകത്വത്തിലേക്ക് നീങ്ങാമെന്നും ഇതുവഴി കുടുംബശ്രീയുടെ പുതിയ തലമുറയിലൂടെ ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍ നല്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളെ പുതിയ തലത്തിലേക്ക് മാറ്റാനുള്ള ബോധപൂര്‍വമായ ഇടപെടലുകളുണ്ടാകണം. 1000 ജനസംഖ്യയില്‍ അഞ്ച് പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുക എന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ലക്ഷ്യമായി മാറുകയാണ്. ആധുനിക കേരളത്തിന്റെ വളര്‍ച്ചക്ക് ഏറെ ശ്രദ്ധേയമായി ഇടപെടാന്‍ കഴിയുന്ന വകുപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ഫലപ്രദമായി ഇടപെട്ട ജനകീയാസൂത്രണത്തിന്റെ 25വര്‍ഷമാണ് കടന്നു പോയത്. പശ്ചാത്തല വികസനം കഴിഞ്ഞ് ജനകീയാസൂത്രണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ തൊഴില്‍ദാതാവായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ കാലത്തെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്, മുന്‍ ജില്ലാ പഞ്ചായത്തംഗവും ആസൂത്രണ സമിതി അംഗവുമായിരുന്ന വി.പി.പി.മുസ്തഫ എന്നിവരെ മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ ആദരിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അവാര്‍ഡ് ജേതാക്കളെ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ആദരിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി എന്നിവര്‍ ആദരവ് ഏറ്റു വാങ്ങി. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ കൃഷ്ണന്, കെ.ശകുന്തള, അഡ്വ.സരിത.എസ്.എന്‍, ഷിനോജ് ചാക്കോ, ജില്ലാ ആസൂത്രണ സമിതി അംഗം സി.രാമചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.