കാഞ്ഞങ്ങാട് : കലോത്സവനഗരിയിൽ കൗമാരപ്പൂരത്തിനിടയിലും സമരച്ചൂട് കൊഴുക്കുന്നത് അധികാരികളെ ഞെട്ടിച്ചു.വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ നോൺ അപ്രൂവ്ഡ് അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിയ്ക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും, ‘ഭിക്ഷാടനസമര’മെന്നുമുള്ള ബാനറുകൾ ഉയർത്തിപ്പിടിച്ചാണ്ഇവർ സമര കോലാഹലമുയർത്തിയത്.
പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനത്തിന് പുറത്തായിരുന്നു സമരം. നാനൂറിലധികം അധ്യാപകരാണ് സമരവുമായി എത്തിയിരിക്കുന്നത്. പല തവണ വിദ്യാഭ്യാസ മന്ത്രിക്കും മറ്റ് അധികൃതർക്കും പരാതി നൽകിയതാണെന്നും, എന്നിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും ഇവർ പറയുന്നു.
”നാലും അഞ്ചും വർഷമായി ഇങ്ങനെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ഇങ്ങനെ പോയാൽ ഞങ്ങളുടെ കുടുംബങ്ങളെങ്ങനെ മുന്നോട്ട് പോകുമെന്ന് ഒരു അധ്യാപിക. ”വിദ്യാഭ്യാസമന്ത്രിയടക്കം വരുന്ന വേദിയിൽ ഇങ്ങനെ ഒരു സമരം നടത്തിയാൽ ഞങ്ങളുടെ ആവശ്യങ്ങൾ അത്രയെങ്കിലും പൊതുജനവും അധികൃതരും ശ്രദ്ധിക്കുമല്ലോ” എന്ന് മറ്റൊരാൾ.
കഴുത്തിൽ കയറിട്ടാണ് ചില അധ്യാപകർ ഇരുന്നത്. ”മന്ത്രിയ്ക്ക് പല തവണ പരാതി കൊടുത്തതാണ്. എന്നിട്ടും മറുപടി പോലുമില്ല”, എന്ന് ഒരു അധ്യാപകൻ പറയുന്നു.കലോത്സവനഗരിയിൽ തുടങ്ങിയ പ്രതിഷേധം സംസ്ഥാനവ്യാപകമായി തുടരാനാണ് ഇവരുടെ തീരുമാനം.