കാടും മലയും അനായാസം താണ്ടാം; ഹോണ്ടയുടെ സാഹസികൻ, സി.ബി 200 എക്സ് നിരത്തിൽ
അഡ്വഞ്ചർ ബൈക്ക് വിഭാഗത്തിലേക്ക് പുതിയ പോരാളിയെ അവതരിപ്പിച്ച് ഹോണ്ട. സി.ബി 200 എക്സ് എന്ന പേരിൽ 1.44 ലക്ഷം വിലയിലാണ് ബൈക്ക് വിപണിയിലെത്തുക. ഹോണ്ടയുടെ ഹോൺനെറ്റ് 2.0യുടെ എഞ്ചിനാണ് സി.ബി 200ലും ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക് സസ്പെൻഷന് പകരം യു.എസ്.ഡി ഫോർക് ഉപയോഗിക്കുന്നെന്ന പ്രത്യേകതയും സി.ബി 200നുണ്ട്.
എഞ്ചിനും സസ്പെൻഷനും
184.4 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. രണ്ട്-വാൽവ്, എസ്.ഒ.എച്ച്.സിഎയർ-കൂൾഡ് എഞ്ചിൻ 17.3 എച്ച്പി കരുത്തും 16.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പവർ റേഷ്യോ ഹോർനെറ്റ് 2.0ന് തുല്യമാണ്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. അതും ഹോർനെറ്റ് 2.0 ക്ക് സമാനമാണ്. മുന്നിൽ യു.എസ്.ഡി ഫോർക്, പിന്നിൽ മോണോഷോകുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നത്. ബ്രേക്കുകളും ഹോൺനെറ്റിന് സമാനമായി തുടരുന്നു. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ്. സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ഇഞ്ച് അലോയ്കളും കടുപ്പമേറിയ പ്രതലത്തിനായി ബ്ലോക്ക് പാറ്റേൺ ടയറുകളും ഉപയോഗിച്ചിട്ടുണ്ട്.
മറ്റ് സവിശേഷതകൾ
ഒാൾ എൽഇഡി ലൈറ്റിങ് വാഹനത്തിെൻറ മറ്റൊരു പ്രത്യേകതയാണ്. സിബി 500 എക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയ വിൻഡ്സ്ക്രീനും ബെല്ലി പാനും(എഞ്ചിനെ അടിയിൽനിന്ന് സംരക്ഷിക്കുന്ന കവർ) ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പ്ലിറ്റ്-സീറ്റുകളും കണ്ണാടികളും പോലുള്ള ഘടകങ്ങൾ ഹോർനെറ്റ് 2.0-ക്ക് സമാനമാണ്. മറ്റൊരു വലിയ സമാനത ഡിജിറ്റൽ ഇൻസ്ട്രുമെൻറ് പാനലാണ്. എൽസിഡി ഡിസ്പ്ലേയുടെ ലൈറ്റിങ് അഞ്ച് തരത്തിൽ ക്രമീകരിക്കാവുന്നതാണ്. രണ്ട് ട്രിപ്പ് മീറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിലുണ്ട്. 147 കിലോഗ്രാം ആണ് സി.ബി 200 എക്സിെൻറ ഭാരം. ഗ്രൗണ്ട് ക്ലിയറൻസ് 167 എംഎം ആണ്. സീറ്റ് ഉയരം 810 എം.എം. ഇന്ധന ടാങ്ക് ശേഷി 12 ലിറ്റർ.
വില
ഹോർനെറ്റ് 2.0 (1.30 ലക്ഷം രൂപ) യുമായി താരതമ്യപ്പെടുത്തിയാൽ 14,000 രൂപ കൂടുതലാണ് സി.ബി 200 എക്സിന് (1.44 ലക്ഷം). ഹീറോ എക്സ് പൾസ് 200 ആയിരിക്കും പ്രധാന എതിരാളി. 1.21 ലക്ഷം രൂപയാണ് എക്സ് പൾസിെൻറ വില. വിപണിയിലെ മത്സരത്തിൽ വിലക്കുറവ് ഹീറോക്ക് മുൻതൂക്കം നൽകും. ആറ് വർഷത്തെ വാറൻറി പാക്കേജും സി.ബി 200 എക്സിന് ഹോണ്ട നൽകുന്നുണ്ട് (3 വർഷം സ്റ്റാൻഡേർഡ് + 3 വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറൻറി).