മതേതരത്യവും ജനാധിപത്യവും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ നിലകൊള്ളും: എൻ എ നെല്ലിക്കുന്ന് എം എൽ എ
പിലിക്കോട്: പൂർവ്വികർ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ പ്രാവർത്തികമാക്കിയ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാനും അതിനായി ജീവൻ ബലിയർപ്പിക്കേണ്ടി വന്നാലും അതൊരു ഇന്ത്യൻ പൗരൻ്റെ കടമയായി കരുതണമെന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിക്കുന്ന സ്വാതന്ത്ര്യം @ 75 പ്രഭാഷണ പരമ്പര രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ്കാർ ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്ന് ലോക ശക്തിയായി വളർത്തിയതിന് പിന്നിൽ മഹാത്മജിയും നെഹ്റുവും അടക്കമുള്ള മഹാരഥൻമാരുടെ കഠിനാദ്ധ്വാനവും നിരന്തരമായ പ്രവർത്തനവും ത്യാഗവും ഇന്നത്തെ ഭരണാധികാരികൾ വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ വാഗ്മിയും ഗാന്ധിയനുമായ പി നാരായണൻ അടിയോടി മാസ്റ്റർ ആണ് പഞ്ചദിന പ്രഭാഷണ പരമ്പര നയിക്കുന്നത്.
പിഫാസോ മുൻ പ്രസിഡണ്ട് രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. പിഫാസോ സെക്രട്ടറി വി ബാബു സ്വാഗതവും മാതൃകം വൈസ് പ്രസിഡണ്ട് കെ പ്രീതി നന്ദിയും പറഞ്ഞു.
പ്രഭാഷണ പരമ്പര ആഗസ്ത് 19 ന് സമാപിക്കും.