കടലിൽ കാണാതായ വിദ്യാർഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
കരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്ത് ബീച്ചിന് സമീപം തിരയിൽപെട്ട് കാണാതായ വിദ്യാർഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. അയണിവേലികുളങ്ങര അർജുൻ നിവാസിൽ (ഇടപ്പുരയിൽ) സത്യശീലൻ-രജനി ദമ്പതികളുടെ മകൻ കൃഷ്ണ ആർ. സത്യെൻറ (16) മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന് സമീപം കരയോട് അടുത്ത് കടലിൽ മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷ്ണയോടൊപ്പം തിരയിൽപെട്ട് കാണാതായ സഹപാഠി ഇർഫാെൻറ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ വെള്ളനാതുരുത്ത് പുലിമുട്ടിന് സമീപം കണ്ടെത്തിയിരുന്നു. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ സുഹൃത്തുക്കളായ എട്ടുപേർ ഒരുമിച്ച് സഹപാഠിയുടെ ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തശേഷം വെള്ളനാതുരുത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ് വൺ പഠനത്തിനായി തയാറെടുപ്പിലായിരുന്നു ഇരുവരും. കൃഷ്ണ ആർ. സത്യെൻറ സഹോദരൻ: അർജുൻ.കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഇർഫാെൻറ മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മരുതൂർകുളങ്ങര ജമാഅത്ത് പള്ളി കബർസ്ഥാനിലും കൃഷ്ണ ആർ. സത്യെൻറ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ട് നാലോടെ വീട്ടുവളപ്പിലും സംസ്കരിച്ചു.
ഉറ്റ സുഹൃത്തുക്കളുടെ വേർപാട് നാടിന് നൊമ്പരമായി
കരുനാഗപ്പള്ളി: കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട് മരിച്ച വിദ്യാർഥികളായ ചങ്ങാതിമാരുടെ വേർപാട് നാടിന് കണ്ണീരിൽ കുതിർന്ന നൊമ്പരമായി. കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർഥികളായിരുന്ന ഇരുവരും ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നു. ഒരു വില്ലേജ് പരിധിയിൽപെട്ട ഇരുവരുടെയും വീട്ടുകാർ തമ്മിലും സൗഹൃദമായിരുന്നു. എല്ലാവിശേഷങ്ങളിലും ഇരുവരും ഒരുമിച്ചായിരുന്നു പോയിരുന്നത്. ഓണത്തിനും പെരുന്നാളുകൾക്കും ഇർഫാനും കൃഷ്ണയും അവരവരുടെ വീട്ടുകളിൽ ആഘോഷത്തിൽ പങ്കുകൊള്ളുക പതിവായിരുന്നു. ഒരേ സ്കൂളിൽ തന്നെയായിരുന്നു പഠനവും.
പത്താം ക്ലാസ് വിജയിച്ച് തുടർപഠനത്തിന് തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ഇരുവരെയും ഒന്നിച്ച് മരണം പിടികൂടിയത്. നാട്ടുകാർക്ക് പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. കൃഷ്ണയെയും ഇർഫാനെയും കുറിച്ചും നല്ലത് മാത്രമാണ് നാട്ടുകാർക്ക് പറയാനുള്ളത്.തിങ്കളാഴ്ചയാണ് എട്ടുപേരടങ്ങുന്ന സുഹൃത്തുകൾ ഇവരുടെ സഹപാഠിയുടെ പുതിയ വീടിെൻറ പ്രവേശന ചടങ്ങിൽ പങ്കെടുക്കാനായി പോയ ശേഷം മടങ്ങി വെള്ളനാതുരുത്തിലെ മൈനിങ് ഭാഗത്തെ ബീച്ചിൽ കുളിക്കാനായി ഇറങ്ങി ശക്തമായ തിരമാലയിൽപെട്ടത്. കൃഷ്ണൻ ആർ. സത്യൻ (കണ്ണൻ) മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇർഫാനും തിരമാലയിൽപെട്ടു. തിരമാല പിറകോട്ട് വലിഞ്ഞ് ഇരുവരെയും കാണാതാകുകയായിരുന്നു.
വിവരമറിെഞ്ഞത്തിയ പ്രദേശ വാസികളായ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും രാത്രി വൈകിയും തെരച്ചിൽ നടത്തിയിട്ടും നിരാശ മാത്രമായിരുന്നു ഫലം. പിറ്റേദിവസം നടത്തിയ തെരച്ചിലിൽ വൈകുന്നേരം ഇർഫാെൻറ മൃതദേഹം പുലിമുട്ടിന് സമീപം കണ്ടെത്തി. കൃഷ്ണനായുള്ള തെരച്ചിൽ രാത്രി വൈകിയും നടന്നെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച തെരച്ചിൽ നടത്താനിരിക്കെ പൊന്മന കാട്ടിൽ മേക്ക് ക്ഷേത്രത്തിന് സമീപം കടൽതീരത്തോടടുത്ത് തിരയിൽ കൃഷ്ണ ആർ. സത്യെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ഇർഫാേൻറത് മരുതൂർകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിലും കൃഷ്ണ ആർ. സത്യെൻറ മൃതദേഹം വൈകീട്ട് വീട്ടുവളപ്പിലും സംസ്കരിച്ചു. ഇർഫാനും കൃഷ്ണക്കും ആദരാജ്ഞലികളർപ്പിക്കാനും യാത്രാമൊഴി നൽകാനുമായി സഹപാഠികളും അധ്യാപകരും നാട്ടുകാരും വിവിധ തുറകളിലുള്ള ഒട്ടേറെ പേരും എത്തിയിരുന്നു.