കാസര്‍കോട് ഐഎന്‍എല്‍ യോഗത്തില്‍ പ്രവര്ത്തകര്ചേരി തിരിഞ്ഞ് കൂട്ടത്തല്ല്
കാസര്‍കോട്: ഐ.എന്‍.എല്‍ യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ജില്ല പ്രവര്‍ത്തക സമിതി ഉദുമയില്‍ സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘര്‍ഷം.
പക്ഷപാതപരമായാണ് മെമ്പര്‍ഷിപ്പ് വിതരണം എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ബഹളവും വാക്കേറ്റവുമായി. കയ്യാങ്കളിയിലേക്ക് നീണ്ടതോടെ ഒരു വിഭാഗത്തെ ഹാളില്‍ നിന്ന് പുറത്താക്കി ഔദ്യോഗിക വിഭാഗം പരിപാടി തുടരുകയായിരുന്നു.
യോഗത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് പ്രതിഷേധമുയര്‍ത്തിയവര്‍ പറഞ്ഞു. ഇതിന് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതെന്നും ഇവര്‍ വ്യക്തമാക്കി.