എലിപ്പനിയെ പേടിക്കണം; പ്രതിരോധിക്കാനുള്ള വഴികൾ
ഹിംസ്ര ജന്തുക്കളെന്നു വിളിക്കപ്പെടുന്ന സിംഹം, പുലി തുടങ്ങിയവയിലേറെ മനുഷ്യർക്ക് മരണം സമ്മാനിക്കുന്നത് അരിമണിയോളം മാത്രം വലുപ്പമുള്ള കൊതുകുകളും ഓടിനിടയിൽ ഓടിനടക്കുന്ന എലികളും മറ്റുമാണ്. കണ്ണുകൊണ്ട് കാണാൻപോലും സാധ്യമല്ലാത്ത കോവിഡ് 19 വൈറസ് വരുത്തിക്കൊണ്ടിരിക്കുന്ന അന്വർഥങ്ങൾ എന്തെല്ലാമാണെന്ന് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
സംസ്ഥാനത്ത് ഒരു ഇടവേളക്കുശേഷം എലിപ്പനി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. കോവിഡ് പോലെ രോഗിയിൽനിന്ന് മറ്റൊരാളിലേക്ക് പരക്കുന്ന രോഗമല്ലിത്. എന്നാൽ, ബാധിച്ച് തക്ക സമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായി മാറും.
വീൽസ് ഡിസീസ്, ഓട്ടം ഫീവർ, ലെപ്റ്റോസ്പൈറോസിസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനിക്ക് കാരണം സ്പൈറോകീറ്റ വിഭാഗത്തിലെ ‘ലെപ്ടോസ്പൈറ ഇൻററോഗൻസ്’ ബാക്ടീരിയ രോഗാണുക്കളാണ്. 1886ൽ അഡോൾഫ് വീൽ എന്ന ജർമൻ വൈദ്യശാസ്ത്രജ്ഞനാണ് മനുഷ്യരിൽ ഈ രോഗം ബാധിക്കുന്നതു സംബന്ധിച്ച പഠന വിവരണം തയാറാക്കിയത്.
സൂക്ഷ്മദർശിനിയിലൂടെ നോക്കിയാൽ കുടക്കാൽ പിടിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഇവക്ക് ആറു മുതൽ ഇരുപത് മൈക്രോൺ വരെ നീളവും 0-1 മൈക്രോൺ വണ്ണവുമാണുള്ളത്. എലിയുടെ മാത്രമല്ല, കരണ്ടുതിന്നുന്ന മറ്റു പല ജീവികളുടെ മൂത്രത്തിലൂടെയും മനുഷ്യരിലേക്കും മറ്റ് സസ്തനികളിലേക്കും രോഗം പകരുന്നു. എന്നാൽ, വീടുകളിലും വയലുകളിലും സർവസാധാരണമായ എലികളുടെ മൂത്രം വഴിയാണ് ഇവ കൂടുതലായും വ്യാപിക്കുന്നതെന്നതിനാൽ പനിയുടെ ദുഷ്പേര് എലിക്ക് പതിച്ചു കിട്ടി. പെരുച്ചാഴി, നച്ചെലി, എലി, നായ്ക്കൾ, കന്നുകാലികൾ, പന്നികൾ എന്നിവയാണ് ഇൗ രോഗാണുക്കളുടെ വാഹകർ. എലിമൂത്രത്താൽ മലിനപ്പെട്ട വെള്ളം, ആഹാരം എന്നിവയുമായി ബന്ധപ്പെടുന്ന മനുഷ്യടെ വായ, മൂക്ക്, കണ്ണ്, മുറിവുകൾ എന്നിവ വഴി ശരീരത്തിലെത്തുകയും രോഗമുണ്ടാവുകയും ചെയ്യും. കാലികളുടെ അകിടിലൂടെയും രോഗബാധ ഉണ്ടാവാം. രോഗാണു വാഹകരായ മൃഗങ്ങൾക്ക് രോഗം വരാറില്ല. എലിയുടെ ഒരു മില്ലിലിറ്റർ മൂത്രത്തിൽ ഒരു കോടി രോഗാണുക്കൾ വരെയുണ്ടാവാം. ചലനശേഷി കൂടുതലായ ഈ അണുക്കൾ മറ്റുള്ളവയേക്കാൾ വേഗത്തിലാണ് രക്തത്തിലെത്തുക.
കൊടും ചൂടിലും കടുത്ത തണുപ്പിലും നിലനിൽക്കാൻ കഴിയാത്ത ഇവ 50 ഡിഗ്രി ഊഷ്മാവിൽ 10 മിനിറ്റ് കൊണ്ടും 60 ഡിഗ്രി ഊഷ്മാവിൽ 10 സെക്കൻഡ് കൊണ്ടും നശിക്കുന്നു. മുപ്പത് സെക്കൻഡ് കൊണ്ട് ആസിഡിൽ നശിക്കുന്ന ഇവയെ ക്ലോറിൻ, ആൻറിസെപ്റ്റിക് ലോഷനുകൾ, ഡിസിൻഫെക്റ്റൻറുകൾ എന്നിവ ഉപയോഗിച്ച് നിർവീര്യമാക്കാം. ഉപ്പുവെള്ളത്തിൽ ഇവക്ക് നിലനിൽക്കാൻ കഴിയില്ല. ഉമിനീരിലൂടെയും ഷഡ്പദങ്ങളിലൂടെയും പടരുകയില്ല.
ഇൻകുബേഷൻ സമയം
ഏതാണ്ട് 10 ദിവസമാണ് ഇൻകുബേഷൻ സമയം. രോഗ പകർച്ച ഉണ്ടായാലുടൻ രോഗിയുടെ രക്തത്തിൽ രോഗാണുവിനെ കാണാൻ കഴിയും. രോഗം വന്ന് എട്ടു മുതൽ പത്തു ദിവസം കഴിയുേമ്പാൾ ഇവ അപ്രത്യക്ഷമാവുകയും രോഗിയുടെ ആന്തരാവയവങ്ങൾ പ്രത്യേകിച്ച് കിഡ്നിയിൽ പാർപ്പുറപ്പിക്കുകയും ചെയ്യും. രോഗത്തിെൻറ അവസാന ഘട്ടത്തിൽ ഇവയെ മൂത്രത്തിൽനിന്ന് വേർതിരിച്ചെടുക്കാനാവും.
രോഗാണുക്കൾ രക്തത്തിലൂടെ ശരീരത്തിെൻറ മർമപ്രധാന ഭാഗങ്ങളിൽ കടന്ന് ഏഴു മുതൽ 14 ദിവസങ്ങൾക്കകം പ്രഥമ രോഗ ലക്ഷണങ്ങളായ പനി, തലവേദന, ഛർദി, വിറയൽ, പേശി പിടിത്തം എന്നിവ ഉണ്ടാവുന്നു. മൂർധന്യാവസ്ഥയിൽ എത്തുേമ്പാൾ അണുക്കൾ വൃക്ക, കരൾ എന്നിവയിലേക്ക് കടന്നുകയറി പ്രവർത്തനം തടസ്സപ്പെടുത്തുന്നു. അതോടെയാണ് മഞ്ഞപ്പിത്തം, രക്തസ്രാവം, അബോധാവസ്ഥ തുടങ്ങിയ നിലയിലെത്തിക്കുന്നു. കണ്ണുകൾ അന്നേരം കടും ചുവപ്പു നിറമാവും.
അനാസ്ഥയും അബദ്ധ പ്രചാരണങ്ങളും
90 ശതമാനം പേർക്കും ഇത് ഒരു ജലദോഷപ്പനിപോലെ വന്ന് സ്വയം ശമിക്കുന്നു. എന്നാൽ, ബാക്കിയുള്ളവരിൽ എലിപ്പനി മൂർധന്യാവസ്ഥയിൽ എത്തുകയും കടുത്ത പനി, വിറയലും കുളിരും, ദേഹവേദന-പ്രത്യേകിച്ച് കാലിലെ പേശികൾക്ക് കടുത്ത വേദന എന്നിവ ഉണ്ടാവുകയും കണ്ണ് ചുവക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം, മസ്തിഷ്ക ജ്വരം, മയോകാർഡിയിറ്റിസ്, രക്തസ്രാവം എന്നിവയും ഈ രോഗത്തിെൻറ ഗുരുതര പ്രത്യാഘാതങ്ങളാണ്. ആരംഭത്തിൽതന്നെ ചികിത്സ തേടിയാൽ എലിപ്പനി പൂർണമായി ഭേദമാവും. ചികിത്സ വൈകിയാൽ മാരകവുമാവും. രോഗം വൃക്കകളെ ബാധിച്ചാൽ ഡയാലിസിസ് വേണ്ടിവരും. എന്നാൽ, ആദ്യഘട്ടത്തിൽത്തന്നെ ശരിയായ ആൻറിബയോട്ടിക്കുകൾ നൽകുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്താൽ വൃക്ക തകരാർ ഒരു പരിധിവരെ ഒഴിവാക്കാം.
ലക്ഷണങ്ങൾക്ക് സാധാരണ വൈറൽ പനിയുമായി സാമ്യമുള്ളതിനാൽ പലപ്പോഴും രോഗം മാരകമാകുന്നതുവരെ രോഗികൾ ചികിത്സ തേടുന്നില്ല എന്നതാണ് ദൗർഭാഗ്യകരം. എലിപ്പനി പേടിക്കേണ്ട രോഗമല്ലെന്ന മട്ടിലുള്ള ചില വ്യാജ ചികിത്സകരുടെ അബദ്ധപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും സംസാരങ്ങളിലൂടെയും പ്രചരിക്കുന്നതും അപകടകരമായ നിസ്സാരവത്കരണത്തിന് കാരണമാവുന്നു. ഇതു വിശ്വസിച്ച് ചികിത്സ തേടാതെ ഇരിക്കുന്നവർ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തുേമ്പാഴേക്കും മരണത്തിെൻറ വക്കിലെത്തിയിട്ടുണ്ടാവും.
സൂക്ഷ്മത തന്നെ മുഖ്യം
എലിപ്പനിക്ക് വാക്സിൻ ലഭ്യമല്ല. ആകയാൽ രോഗം വരാതെ സൂക്ഷിക്കുകതന്നെ പ്രധാനം. എലിയുടെ മൂത്രം കലർന്ന ചളിവെള്ളമാണ് രോഗാണുക്കളുടെ പ്രഭവകേന്ദ്രം. അതിനാൽ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാൽ കഴുകുകയോ വെള്ളം തെറിപ്പിക്കുകയോ അരുത്. വയലുകളിലും എലിയുടെ പെരുമാറ്റം കൂടുതലുള്ള കടകളിലും ഗോഡൗണുകളിലും മുറികളിലും കൂടുതൽ നേരം ചെലവഴിക്കുന്നവരും ചെരിപ്പിടാതെ നടക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ഗ്ലൗസുകൾ ഉപയോഗിക്കണം.
ശരീരത്തിലെ ചെറിയ മുറിവുകളും പോറലുകൾപോലും മൂടിക്കെട്ടണം. മുറിവില്ലാത്ത ശരീരഭാഗങ്ങളിലൂടെയും രോഗം പകരാമെന്നതിനാൽ കുളത്തിലും മറ്റും അധിക സമയം ചെലവഴിക്കാതിരിക്കുക. മഴക്കാലത്ത് തുറന്ന ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക. രോഗാണു വാഹകരായ പാൽ ചുരത്തുന്ന മൃഗങ്ങളുടെ പാലിലൂടെയും പനി പടരാമെന്നതിനാൽ പാൽ തിളപ്പിച്ചു മാത്രം കുടിക്കുക.
വീടിനകവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നശിപ്പിക്കുക, അവ പെരുകുന്നത് തടയുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക.
(തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിട്ട്യൂട്ടിലെ റിട്ട. മൈക്രോബയോളജിസ്റ്റാണ് ലേഖിക)