മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി യു.പിയിൽ യുവതിയെ കൂട്ടബലാത്സംഗം, രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
മീററ്റ്: ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ജിംനേഷ്യം ഉടമയാണ് പ്രതികളിൽ ഒരാൾ. മൂന്നാം പ്രതി ഒളിവിലാണ്.
അമർപാലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു റസ്ന റോഡിലെ ഹോട്ടൽ. ഇതിന്റെ ഒന്നാം നിലയിലായിരുന്നു അമർപാലിന്റെ മകൻ ഉജ്വലിന്റെ ജിംനേഷ്യം. വെള്ളിയാഴ്ച വൈകീട്ടാണ് ഉജ്വലും രണ്ട് സുഹൃത്തുക്കളും യുവതിയെ കൂട്ടി ഹോട്ടലിലെത്തിയത്.
അവിടെ വെച്ച് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരികെ ലഭിച്ച ശേഷം യുവതി ബന്ധുവിനെ വിളിച്ച് സംഭവം വിവരിച്ചു. പൊലീസിനെ വിവരമറിയിച്ച ബന്ധു ഉടൻ സ്ഥലത്തെത്തി. രണ്ടുപ്രതികളെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടി.
ഉജ്വലും സത്വായ് സ്വദേശിയായ സൗരഭുമാണ് അറസ്റ്റിലായത്. മൂന്നാം പ്രതിയായ മോനുവാണ് രക്ഷപെട്ടത്. പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം പൊലീസ് മൊഴി രേഖപ്പെടുത്തി.