കോവിഡെന്നു ഭയം ; ദമ്പതികൾ ആത്മഹത്യ ചെയ്തു
മംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ രമേഷ്കുമാർ (40), ഭാര്യ ഗുണ ആർ സുവർണ (35) എന്നിവരാണ് മരിച്ചത്.
പോലീസ് കമ്മിഷണർക്ക് ആത്മഹത്യാ ശബ്ദ സന്ദേശം അയച്ചതിന് ശേഷമാണ് തൂങ്ങിമരിച്ചത്. എന്നാൽ, പരിശോധനയിൽ ഇരുവരും കോവിഡ് ബാധിതരല്ലെന്ന് വ്യക്തമായി. ഭാര്യക്ക് പ്രമേഹമുള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരണം സംഭവിക്കുമെന്നും ഭയന്നിരുന്നു.
വിവാഹിതരായിട്ട് വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദുഃഖവും പങ്കുവെച്ചിരുന്നു. ശബ്ദസന്ദേശം കേട്ടയുടൻ കമ്മിഷണർ തിരിച്ചുവിളിച്ചു. എന്നാൽ ഫോണെടുത്തില്ല. ഇരുവരേയും രക്ഷിക്കാനായി ഇവരുടെ താമസസ്ഥലവും മറ്റ് വിവരങ്ങളും സാമൂഹികമാധ്യമങ്ങളിൽ നൽകിയ കമ്മിഷണർ ആത്മഹത്യ തടയാൻ അഭ്യർഥിച്ചിരുന്നു.
അപ്പാർട്ട്മെന്റിലെത്തിയ പോലീസും നാട്ടുകാരും വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിനൊപ്പം അന്ത്യകർമങ്ങൾ നടത്താനായി കരുതിവെച്ച ഒരുലക്ഷം രൂപയും പോലീസ് കണ്ടെത്തി.