കോവിഡ് സൗജന്യ ചികിത്സ അവസാനിപ്പിച്ചു .കോവിഡാനാന്തര ചികിത്സക്ക് എ.പി.എൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം.
തിരുവനന്തപുരം: കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ സംസ്ഥാന സര്ക്കാർ തീരുമാനം. എ.പി.എൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകിയിട്ടുണ്ട്. ബ്ളാക്ക് ഫംഗസ് ചികിൽസയടക്കമുള്ളവക്ക് നിരക്ക് ബാധകമാണ്.
സംസ്ഥാനത്ത് കോവിഡാനന്തര ചികിത്സ പൂർണമായും സൗജന്യമായിരുന്നു. ഇനി മുതൽ കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും, ബി.പി.എൽ കാർഡുകാർക്കും മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സക്കുന്നവർ ജനറൽ വാർഡിൽ ദിനംപ്രതി 750 രൂപയും, എച്ച്.ഡി.യുവിൽ 1250 രൂപയും, ഐ.സി.സി.യുവിൽ 1500 രൂപയും, വെൻറിലേറ്റർ ഐ.സി.യുവിൽ 2000 രൂപയും വീതം അടക്കണം.കോവിഡിനെ തുടർന്ന് ചിലരിൽ കാണുന്ന ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോർമൈക്കോസിസ് അടക്കമുള്ള രോഗങ്ങളുടെ ചികിത്സക്കും ഇനി പണം അടക്കണം. ശസ്ത്രക്രിയയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും.
സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപ വരെ വാർഡിൽ ഈടാക്കാം. ഐസിയുവിൽ ഇത് 7800 മുതൽ 8580 രൂപ വരെയാണ്. വെന്റിലേറ്ററിന് 13800 രൂപ മുതൽ 15180 രൂപവരെയും ഈടാക്കാം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കോവിഡിന് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ തുടരും.