വിട്ടുവീഴ്ചയ്ക്കില്ലെന്ന് എം എസ് എഫ് വനിതാ വിഭാഗം.., ഹരിതയെ പിരിച്ച് വിടാനുറച്ച് മുസ്ലീം ലീഗ്..
തീരുമാനം ഉടൻ പ്രഖ്യാപിക്കും
കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതി പറഞ്ഞ ഹരിത നേതാക്കള്‍ക്കെതിരേ നടപടി കടുപ്പിച്ച് ലീഗ്. പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെ കമ്മിറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് ലീഗ് നേതൃത്വം എത്തിയെന്നാണ് ലഭിക്കുന്ന വിവരം.
പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടാന്‍ ലീഗില്‍ ധാരണയായത്. പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരതിയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടുന്ന തരത്തിലേക്കെത്തിയത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തില്‍ വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ….പറയൂ എന്ന തരത്തില്‍ പി.കെ നവാസ് ഹരിതയിലെ പെണ്‍കുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.
ഹരിതയുടെ പ്രവര്‍ത്തനം ഇനി സംസ്ഥാന, ജില്ലാ തലത്തില്‍ വേണ്ടെന്ന് വെക്കാന്‍ പാര്‍ട്ടി നിര്ദേശിച്ചതായതാണ് സുചന. നിലവില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ മാത്രമേ ഹരിതയുടെ പ്രവര്‍ത്തനമുള്ളൂ. ഇതിനിടെ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഫാത്തിമ ത്വഹാനി പറഞ്ഞു. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും തൊഹാനി ചൂണ്ടിക്കാട്ടി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണയ്ക്കുന്ന ഹരിതയുടെ ഏക ജില്ലാ കമ്മിറ്റി കൂടിയാണ് മലപ്പുറത്തേത്.