സോളാര്‍ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര് സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടിയടക്കം ആറ് പ്രതികള്‍
സിബിഐ എത്തിയത് സരിതയുടെ അപേക്ഷയില്‍
തിരുവനന്തപുരം:സോളാര്‍ കേസില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ച് സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, ഇപ്പോള്‍ ബി.ജെ.പി നേതാവായ എ.പി അബ്ദുള്ള കുട്ടി, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചിരിക്കുന്നത്. നാലു വര്‍ഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതില്‍ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് വിട്ടത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സി.ബി.ഐ എഫ്.ഐ.ആര് സമര്‍പ്പിച്ചിരിക്കുന്നത്.