അഞ്ചു ജില്ലകളിൽ ഒറ്റപ്പേര് മാത്രം, വനിതകളെ തഴഞ്ഞു, ഡിസിസി പ്രസിഡന്റ് സാധ്യതാ പട്ടികയിൽ കാസർകോട് ഖാദർ മാങ്ങാട് മാത്രം
തിരുവനന്തപുരം: വനിതകളെ തഴഞ്ഞു കേരളത്തിലെ ഡിസിസി അധ്യക്ഷ സാധ്യതാ പട്ടികയായി.അഞ്ചു ജില്ലകളില്‍ ഒറ്റപ്പേരും മറ്റു ജില്ലകളില്‍ ഒന്നിലധികം പേരും അടങ്ങിയ അന്തിമ സാധ്യതാ പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. 14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ പൂര്‍ണ സാധ്യതാ പട്ടിക മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു.
ഡല്‍ഹി കേന്ദ്രീകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചക്കൊടുവിലാണ് അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. ഗ്രൂപ്പുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും പുതിയ കെപിസിസി നേതൃത്വമായും ഹൈക്കമാന്‍ഡുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളാണ് പട്ടികയില്‍ ഇടംപിടിച്ചത്.
സാധ്യതാ പട്ടിക പ്രകാരം തിരുവനന്തപുരത്ത് കെഎസ് ശബരിനാഥ്, ആര്‍ബി രാജേഷ് എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. അലപ്പുഴയില്‍ ബാബു പ്രസാദ്, കെപി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. രമേശ് ചെന്നിത്തലയാണ് ബാബുവിനെ നിര്‍ദേശിച്ചത്. കോട്ടയത്ത് നാട്ടകം സുരേഷും യുജിന്‍ തോമസുമാണ് പട്ടികയിലുള്ളത്. അന്തിമ ചര്‍ച്ചയില്‍ കോട്ടയത്ത് ചാണ്ടി ഉമ്മന്റെ പേര് നിര്‍ദേശിച്ചതായും സൂചനയുണ്ട്. എറണാകുളത്ത് മുഹമ്മദ് ഷിയാസിന്റെ പേര് മാത്രമാണ് കെപിസിസി മുന്നോട്ടുവച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്, വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസ് അടക്കമുള്ളവരുടെ പൂര്‍ണ പിന്തുണ ഷിയാസിനാണ്.
പാലക്കാട് എവി ഗോപിനാഥിന്റെ പേരാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശിച്ചത്. എന്നാല്‍ യോഗത്തില്‍ മറ്റു നേതാക്കള്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തു. ഇതോടെ മുന്‍ അധ്യക്ഷന്മാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് യോഗം എത്തിയെന്നും സൂചനയുണ്ട്. എവി ഗോപിനാഥിന് പുറമേ വിടി ബല്റാമിനേയും എ തങ്കപ്പനേയുമാണ് പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
തൃശ്ശൂരില്‍ ഗ്രൂപ്പുകള്‍ സംയുക്തമായി ടിവി ചന്ദ്രമോഹന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അന്തിമ സാധ്യതാ പട്ടികയില്‍ ജോസ് വെള്ളൂരും അനില്‍ അക്കരയും ഇടംപിടിച്ചു. കൊല്ലത്ത് എ ഗ്രൂപ്പ് നേതാവ് സൂരജ് രവി, എംഎം നസീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ജില്ലയില്‍ കഴിഞ്ഞ തവണ ബിന്ദു കൃഷ്ണയായിരുന്നു ഡിസിസി അധ്യക്ഷ. ഇത്തവണ ഒരു ജില്ലയിലും സാധ്യതാ പട്ടികയില്‍ പോലും വനിതകള്‍ക്ക് ഇടംലഭിച്ചില്ല.
സാധ്യതാ പട്ടിക
തിരുവനന്തപുരം – കെഎസ് ശബരിനാഥ്, ആര്‍വി രാജേഷ്
കൊല്ലം – സൂരജ് രവി, എംഎം നസീര്‍
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ – ബാബു പ്രസാദ്, കെപി ശ്രീകുമാര്‍
കോട്ടയം – നാട്ടകം സുരേഷ്, യുജിന്‍ തോമസ്
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശ്ശൂര്‍ – അനില്‍ അക്കര, ജോസ് വെള്ളൂര്‍, ടിവി ചന്ദ്രമോഹന്
പാലക്കാട് – എവി ഗോപിനാഥ്, വിടി ബല്‍റാം, എ തങ്കപ്പന്
മലപ്പുറം – ആര്യാടന് ഷൗക്കത്ത്, വിഎസ് ജോയ്
കോഴിക്കോട് – കെ പ്രവീണ്‍ കുമാര്‍
വയനാട് – എംഎ ജോസഫ്, കെഎല്‍ പൗലോസ്, കെകെ എബ്രഹാം
കാസര്‍കോട് – ഖാദര്‍ മാങ്ങാട്
കണ്ണൂര്‍ – മാര്ട്ടിന് ജോര്‍ജ്
ഇടുക്കി – അഡ്വ. എസ് അശോകന്, സിപി മാത്യു