ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യ സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവിനും
വീട്ടുകാര്‍ക്കുമെതിരെ കേസ്
പാലക്കാട്: തിരുമിറ്റക്കോട് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷ്ണപ്രഭയെ ഭര്‍ത്താവ് ശിവരാജിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രണയത്തിലായിരുന്ന ഇരുവരും രണ്ടരവര്‍ഷം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹത്തിന് ശേഷം യുവതി സ്വന്തം വീട്ടുകാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൃഷ്ണപ്രഭ വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ഭര്‍ത്തൃവീട്ടില്‍ വലിയ പീഡനം നേരിടുകയാണെന്നും പറഞ്ഞു. ഇതിനുപിന്നാലെയാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണപ്രഭയുടെ മരണത്തിന് കാരണം ഭര്‍ത്തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൃഷ്ണപ്രഭയുടെ അച്ഛന് ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹപരിശോധനയില്‍ ശാരീരികപീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മറ്റുകാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.